സീതയുടെ മരണം: സംഭവസ്ഥലത്ത് കാട്ടാനസാന്നിധ്യം സ്ഥിരീകരിച്ച് പോലീസ്, പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് ബിനു

തെളിവ് ശേഖരിക്കാന്‍ പോലീസ്, ഫോറന്‍സിക്, വനംവകുപ്പ് സംഘങ്ങള്‍ ഉള്‍ക്കാട്ടിലേക്ക് പോകുന്നു
തെളിവ് ശേഖരിക്കാന്‍ പോലീസ്, ഫോറന്‍സിക്, വനംവകുപ്പ് സംഘങ്ങള്‍ ഉള്‍ക്കാട്ടിലേക്ക് പോകുന്നു

പീരുമേട് (ഇടുക്കി): വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത(42) കൊല്ലപ്പെട്ട മീന്‍മുട്ടി വനമേഖലയില്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാട്ടാനകള്‍ പ്രദേശമാകെ ചവിട്ടിമെതിച്ചനിലയിലാണ്. കൂടാതെ സീതയും ഭര്‍ത്താവും കുട്ടികളും കൊണ്ടുപോയ അരിയും മറ്റ് സാമഗ്രികളും ഇവിടെ ചിതറിക്കിടപ്പുണ്ട്.

സംഭവം നടന്നുവെന്ന് പറയുന്ന പ്രദേശത്ത് കാട്ടാന ആക്രമണത്തിന്റെ ലക്ഷണം ഒന്നുമില്ലെന്നാണ് വനംവകുപ്പ് കഴിഞ്ഞദിവസം പറഞ്ഞത്. സംഭവം നടന്നത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. പോലീസും ഫൊറന്‍സിക്കും പരിശോധന നടത്തിയത് ഞായറാഴ്ച രാവിലെയും. അതിനാല്‍ എപ്പോഴാണ് ഇവിടെ കാട്ടാന എത്തിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ സീതയെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനു മൊഴി നല്‍കിയത്. എന്നാല്‍, മൃതദേഹത്തിലെ മുറിവുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതല്ലെന്നും കഴുത്തിലും മറ്റും വിരല്‍ അമര്‍ന്ന പാടുകളുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി. തുടര്‍ന്നാണ് പോലീസും ഫൊറന്‍സിക് സംഘവും വനംവകുപ്പും ഞായറാഴ്ച സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. കാട്ടാന ആക്രമണസാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നാണ് പോലീസിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്തോടെ തോട്ടാപ്പുരയില്‍നിന്ന് നാല് കിലോമീറ്റര്‍ ഉള്‍വനത്തില്‍ എത്തിയാണ് പോലീസും ഫൊറന്‍സിക് സംഘവും വിശദമായ പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്ന് ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. ഇടുക്കി ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

വനത്തിനുള്ളിലെ മരണങ്ങളെല്ലാം വനംവകുപ്പിന്റെ പേരിലാക്കുന്നു -മന്ത്രി

കോഴിക്കോട്: പീരുമേട്ടിലെ വീട്ടമ്മയുടെ മരണത്തില്‍ വ്യക്തത വരുംമുന്‍പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്റെ പേരിലാക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ആധികാരികരേഖ. കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചിരുന്നു. അല്പംകൂടി വൈകിയിരുന്നെങ്കില്‍ കൊലപാതകിക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിനെതിരേ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങളില്‍ പരിശോധന ആവശ്യമാണ്. വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടും രണ്ടായി കാണണമെന്നും മന്ത്രി പറഞ്ഞു. മ്ലാവിറച്ചി എന്ന് തെറ്റിദ്ധരിച്ച് യുവാക്കളെ ജയിലിലടച്ച സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരം എന്ന് കണ്ടെത്തും?

പീരുമേട്: വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ സീത കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ക്ക് സംഭവം നടന്ന് മൂന്നാംദിവസവും ഉത്തരമായില്ല. സീതയുടെ പരിക്കുകള്‍ കാട്ടാന ആക്രമണം കാരണം ഉണ്ടായതല്ലെന്ന സംശയം ആദ്യംമുതലേ വനംവകുപ്പിനുണ്ട്. ഈ സംശയത്തെ സാധൂരിക്കുന്ന കണ്ടെത്തലുകളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നുണ്ടായതെന്ന് കഴിഞ്ഞദിവസം കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സീതയുടെ പരിക്കുകളായിരുന്നു പ്രധാനമായിട്ടും ഇതിലേക്ക് വിരല്‍ ചൂണ്ടിയത്. പുറമേ തലയ്ക്കുമാത്രമാണ് പരിക്ക്. കഴുത്തിലും മുഖത്തും വിരല്‍ അമര്‍ത്തിയ പാടുകളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും കണ്ടെത്തി. മുഖത്ത് അടിയേറ്റിട്ടുണ്ട്. കൂടാതെ നട്ടെല്ല് തകരുകയും പിടലി ഒടിയുകയും വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ കയറുകയും ചെയ്തിട്ടുണ്ട്. കാലില്‍ പിടിച്ച് വലിച്ചിഴച്ച ലക്ഷണവുമുണ്ട്.

ഇതില്‍ പലതും കാട്ടാന ആക്രമണത്തില്‍ സംഭവിക്കാമെങ്കിലും വിരല്‍പ്പാടുകളും നാഭിക്കേറ്റ തൊഴിയും തലയ്ക്ക് രണ്ട് വശത്തുമുള്ള ക്ഷതവുമാണ് സംശയത്തിന് ഇടയാക്കിയത്. ആന ചവിട്ടിയെന്നാണ് ബിനു ആദ്യം പറഞ്ഞത്. എന്നിട്ടും പുറമേയുള്ള പരിക്ക് കുറവായതും സംശയമുണ്ടാക്കി. ആന ആക്രമിച്ചപ്പോള്‍ സീതയെ രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിച്ചുവെന്ന് ബിനു പറഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മക്കളും ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചു. കഴുത്തിലും മറ്റുമുള്ള വിരലമര്‍ന്ന പാടുകള്‍ സീതയെ രക്ഷിക്കാന്‍ ബിനു ശ്രമിച്ചപ്പോള്‍ ഉണ്ടായതാണോ എന്നും പോലീസ് പരിശോധിക്കും.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച റിപ്പോര്‍ട്ട് പോലീസിന് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇതില്‍ വിദഗ്ധാഭിപ്രായം തേടാനും പോലീസ് ആലോചിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആരും നിരീക്ഷണത്തിലില്ല. സംശയം നിലനില്‍ക്കുന്നതിനാല്‍ ബിനുവിന്റെയും ഒപ്പം ഉണ്ടായിരുന്ന രണ്ടു മക്കളുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.

സംശയം ആവര്‍ത്തിച്ച് വനംവകുപ്പ്

വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച മാത്രമാണ് പരിശോധന ഉണ്ടായതെന്നും കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണ കണ്ടുവരുന്ന വന്യജീവി അക്രമണങ്ങളിലുണ്ടാകുന്ന മരണത്തിന്റെ സാഹചര്യങ്ങള്‍ ഈ സംഭവത്തില്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തുന്നു- ബിനു

സീത കാട്ടാന ആക്രമണത്തിലാണ് മരിച്ചതെന്നും തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭര്‍ത്താവ് ബിനു പറയുന്നു. ഇങ്ങനെ ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്ന് അറിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടില്ല. അതിന് മുന്‍പ് ഇങ്ങനെയുള്ള വിവരങ്ങള്‍ എങ്ങനെ പ്രചരിച്ചുവെന്നും ബിനു ചോദിച്ചു.

Content Highlights: presence of elephant confirmed in the death place of adivasi woman seetha