'അഭിപ്രായംപറയാനുള്ള സ്വാതന്ത്ര്യം പ്രധാനം, കോൺഗ്രസ് ഇന്ത്യയിൽ നിലനിൽക്കണമെന്ന് ആഗ്രഹമുള്ള പ്രസ്ഥാനം'

കോട്ടയം: കോട്ടയത്ത് കെപിസിസി സാംസ്കാരിക സാഹിതിയുടെ പരിപാടിയിൽ പങ്കെടുത്ത് മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നു. ഒന്നിച്ചു നിൽക്കേണ്ട പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം സംസാരിക്കാനുള്ള വേദിയല്ല ഇതെന്നും ഇതൊരു രാഷ്ട്രീയ വേദിയായിരുന്നെങ്കിൽ ഞാൻ വരികയില്ലായിരുന്നെന്നും പ്രേംകുമാർ പറഞ്ഞു. കെപിസിസി സാംസ്കാരിക സാഹിതിയുടെ പേരിൽ ഒരുക്കുന്ന കലാപ്രവർത്തകരുടെ സംഗമവേദിയാണ് ഇത്. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എഴുത്തുകാരനും കലാകാരനും നാടകക്കാരനും സിനിമാക്കാരനും മാത്രമല്ല, അവന്റെ കലാസൃഷ്ടികളുടേയും സാഹിത്യ സൃഷ്ടികളുടേയും കാര്യത്തിൽ മാത്രമല്ല, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനമാണ്. ജാതിയുടേയോ, രാഷ്ട്രീയത്തിന്റേയോ, മതത്തിന്റെയോ ചട്ടക്കൂടുകളിലൊതുങ്ങാതെ നിർഭയമായി സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനമാണ്.
നെഹ്റുവിന്റെ ആശയങ്ങൾ പിന്തുടരുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ തന്നെയാണ് ഇന്ത്യയെ ഇന്നും മുന്നോട്ട് നയിക്കുന്ന ഊർജ്ജ സ്രോതസ്സ്. ജനാധിപത്യം ഇന്ന് വല്ലാത്ത അപകടാവസ്ഥയിലാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വല്ലാതെ വെല്ലുവിളി നേരിടുന്നു. എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്നത് ഫാസിസത്തിന്റെ പ്രത്യേകതയാണ്.
ഇന്ത്യയിൽ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ദേശീയതലത്തിൽ മതേതരത്വം സംരക്ഷിക്കാൻ, വർഗീയതയ്ക്കെതിരേ പോരാടാൻ മറ്റൊരു രാഷ്ട്രീയ ബദൽ ഇന്ത്യയിൽ വേറെ കാണിക്കാൻ സാധിക്കില്ല. ഇടതുപക്ഷത്തിന് അതിന്റേതായ വലിയൊരു സംഭാവന നൽകാനുണ്ട്. വർഗീയതയ്ക്കെതിരേയുള്ള പോരാട്ടത്തിന്, മതേതരത്തിന് കാത്തുസക്ഷിക്കുന്നതിന് ഒന്നിച്ചു നിൽക്കണം. ഒന്നിച്ചു നിൽക്കേണ്ട പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കണം, അദ്ദേഹം പറഞ്ഞു.
Content Highlights: Premkumar Warns of Threat to Artistic Freedom in Kottayam Event