'കൂടുതൽ സംഭാവന നൽകുന്നവർക്ക് കൂടുതൽ ഇളവുകൾ, ഭിന്നിപ്പിക്കാനുള്ള നീക്കത്തിന് ജനംതിരിച്ചടി നൽകി'

പ്രബിർ പുരകായസ്ത | Photo: PTI
പ്രബിർ പുരകായസ്ത | Photo: PTI

കോഴിക്കോട്: ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ചുഭരിക്കുകയെന്ന നയം സ്വീകരിച്ച ബി.ജെ.പി.ക്ക് അയോധ്യയിൽത്തന്നെ ജനങ്ങൾ തിരിച്ചടി നൽകിയെന്ന് എഴുത്തുകാരനും ന്യൂസ്‌ക്ലിക്ക് എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്ഥ. കേരള എൻ.ജി.ഒ. യൂണിയൻ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്ന പാർട്ടിക്ക് കൂടുതൽ സംഭാവന നൽകുന്നവർക്ക് കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും നൽകുന്ന രീതിയാണ് മോദിസർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുടെ സാമൂഹികമാധ്യമപ്രചാരണങ്ങൾക്കെതിരേ ഫലപ്രദമായി സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കാൻ സാധാരണക്കാരെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളിയാണ് പുതിയ കാലഘട്ടത്തിൽ ഏറ്റെടുക്കേണ്ടത്.

ആസൂത്രണ കമ്മിഷനെ ഒഴിവാക്കി നിതി ആയോഗിന്റെ കടന്നുവരവ് കോർപ്പറേറ്റുകൾക്ക് ഗുണകരമായി. രാജ്യത്തെ തൊഴിലും ഭൂമിയും ചൂഷണംചെയ്ത് ‘മേക്ക് ഇൻ ഇന്ത്യ’യെ കുറഞ്ഞ ചെലവിൽ രാജ്യത്തിനുപുറത്തേക്ക് ഉത്പന്നങ്ങൾ കയറ്റുമതിചെയ്യാൻ ഉപയോഗിച്ചു. കാർഷികനിയമങ്ങളിലൂടെ കർഷകരെ ദുരിതത്തിലാക്കി.

കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്ഥ ഉദ്ഘാടനം ചെയ്യുന്നു.

സാമ്പത്തികഅസമത്വം, പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയിൽ രാജ്യം ബ്രിട്ടീഷ് ഭരണകാലത്തെ അവസ്ഥയിലെത്തി. യു.എ.പി.എ. പോലുള്ള നിയമങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി രാജ്യവിരുദ്ധത ആരോപിച്ച് മാധ്യമസ്ഥാപനങ്ങളെയടക്കം വരുതിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ്, എ.ഐ.എസ്.ജി.ഇ.എഫ്. ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്റ് കെ. ബദറുന്നീസ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി. ശ്രീകുമാർ, സീമ എസ്. നായർ, എസ്. ഗോപകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ എന്നിവർ സംസാരിച്ചു.

Content Highlights: prabir purkayastha against modi government in kozhikode