കേരളം വീണ്ടും പവർകട്ടിലേക്ക്? ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഇന്ന് കൂടി മാത്രം, റെഗുലേറ്ററി കമ്മിഷനെതിരെ കോൺഗ്രസ് സംഘടന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇന്ന് അവസാനിക്കുന്നതോടെ കേരളപ്പിറവി ദിനമായ ഞായറാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും പവർകട്ട് ഉണ്ടാകാൻ സാധ്യത. ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14 രൂപ 50 പൈസ എന്ന ഉയർന്ന നിരക്കിൽ വാങ്ങിയിരുന്ന വൈദ്യുതിയുടെ ലഭ്യതയാണ് ഇന്നത്തോടെ അവസാനിക്കുന്നത്. ഇത്രയും ഉയർന്ന വില നൽകി വൈദ്യുതി വാങ്ങുന്നത് തുടരാൻ സംസ്ഥാന ധനവകുപ്പ് അനുമതി നൽക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഒക്ടോബർ മാസം മുഴുവൻ 850 മെഗവാട്ട് വരെ വൈദ്യുതിയാണ് ഹിമാചലിൽ നിന്ന് ലഭിച്ചിരുന്നത്.

നവംബർ മാസത്തിൽ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 479 മെഗവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ സാധിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാനം ഇരുട്ടിലാകുമെന്ന ആശങ്കാജനകമായ അവസ്ഥയാണുള്ളത്. ഇതിനിടയിൽ നവംബറിൽ പത്ത് രൂപയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടിയെങ്കിലും റെഗുലേറ്ററി കമ്മീഷൻ നിഷേധിച്ചതായി കെഎസ്ഇബി പറയുന്നു. അതേസമയം ജനങ്ങളെ വീണ്ടും ലോഡ് ഷെഡിങ്ങിലേക്ക് തള്ളിവിടുന്ന റെഗുലേറ്ററി കമ്മീഷന് സ്ഥാപിത താത്പര്യമുണ്ടെന്ന ആരോപണവുമായി കെഎസ്ഇബിയിലെ കോൺഗ്രസ് അനുകൂല ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് സാധാരണയായി വൈകിട്ട് ആറര മുതൽ രാത്രി പത്തര വരെയാണ് നിർവചിക്കപ്പെട്ട പീക്ക് സമയം. എന്നാൽ ഇപ്പോൾ അർധരാത്രി കഴിഞ്ഞാലും പീക്ക് സമയത്തിന് സമാനമായ ഉയർന്ന വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. അതിനാൽ അർധരാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയുള്ള സമയത്തേക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി അനുമതി തേടിയത്. നവംബർ മാസത്തിൽ ഈ സമയത്തേക്ക് 295 മെഗവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി ചോദിച്ചെങ്കിലും റെഗുലേറ്ററി കമ്മീഷൻ 145 മെഗവാട്ട് വാങ്ങാൻ മാത്രമാണ് അനുവാദം നൽകിയത്. അതായത് 150 മെഗവാട്ട് വൈദ്യുതി വാങ്ങാനുള്ള അനുമതി കമ്മിഷൻ വൈദ്യുതി ബോർഡിന് നിഷേധിക്കുകയായിരുന്നു.

യൂണിറ്റിന് പത്ത് രൂപയിൽ താഴെ നിരക്കിൽ 150 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതിൽ 100 മെഗവാട്ട് വൈദ്യുതി യൂണിറ്റിന് 9 രൂപ നിരക്കിലും, 50 മെഗവാട്ട് വൈദ്യുതി യൂണിറ്റിന് 9 രൂപ 89 പൈസ നിരക്കിലുമാണ് വാങ്ങാൻ ബോർഡ് അനുമതി ചോദിച്ചത്. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന റെഗുലേറ്ററി കമ്മീഷൻ, യൂണിറ്റിന് 7 രൂപ 44 പൈസ നിരക്ക് നിർദ്ദേശിച്ച 145 മെഗവാട്ട് വൈദ്യുതി വാങ്ങാൻ മാത്രമാണ് അനുമതി നൽകിയത്. സാധാരണയായി യൂണിറ്റിന് പത്ത് രൂപയിൽ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാനാണ് കമ്മീഷൻ അനുമതി നൽകാത്തത് എന്നിരിക്കെ, പത്ത് രൂപയിൽ താഴെ നിരക്ക് നിർദേശിച്ചിട്ടും അത് അംഗീകരിക്കാത്തതാണ് കെഎസ്ഇബിയും റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള പ്രധാന തർക്കവിഷയമായി ഉയർന്നു വന്നിട്ടുള്ളത്.

യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കിൽ ലഭിക്കുമായിരുന്ന 465 മെഗവാട്ട് വൈദ്യുതിയുടെ, നേരത്തേയുണ്ടായിരുന്ന കരാർ റദ്ദാക്കിയ നടപടിയും കമ്മിഷനെതിരെ ആരോപണമായി കോൺഗ്രസ് അനുകൂല സംഘടന ഉന്നയിക്കുന്നു. തുച്ഛമായ നിരക്കിൽ ലഭിക്കുമായിരുന്ന വൈദ്യുതി കരാറുകൾ റദ്ദാക്കി ജനങ്ങളെ ലോഡ് ഷെഡിങ്ങിലേക്ക് തള്ളിവിടുന്നതിന് പിന്നിൽ റെഗുലേറ്ററി കമ്മീഷന്റെ സ്ഥാപിത താല്പര്യം മൂലമാണെന്നാണ് കോൺഗ്രസ് സംഘടന ആരോപിക്കുന്നത്. ബോർഡിലെ സംഘടനകൾ ഉന്നയിക്കുന്ന ഈ ആരോപണങ്ങൾക്ക് പിന്നിൽ വിയോജിപ്പുകൾ മാത്രമല്ല, വൈദ്യുതി ബോർഡിന്റെയും വൈദ്യുതി വകുപ്പിന്റെയും താല്പര്യം കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പ്രതിസന്ധി തുടരുന്നതിനിടെ വ്യാഴാഴ്ച റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Content Highlights: Kerala faces potential load shedding starting on Kerala Piravi day after the high-cost Himachal Pradesh power supply contract expires and disputes arise between KSEB and the Regulatory Commission over purchases.