വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി വിനോദയാത്ര; തയ്യാറാക്കിയത് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥന്റെ പേരിൽ

പോത്തൻകോട്: വിദ്യാഭ്യാസ വകുപ്പിനെയും മോട്ടോർവാഹന വകുപ്പിനെയും കബളിപ്പിച്ച് വിനോദയാത്ര പോയ ബസിനായി വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥന്റെ പേരിൽ. കഴക്കൂട്ടം ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ശനിയാഴ്ച കഴക്കൂട്ടം ജോയിന്റ് ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോത്തൻകോട് പോലീസ് ബസിന്റെ ഉടമകൾക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 21-ന് ചന്തവിള സ്കൂളിൽനിന്നു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ബസ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഫ്ലിക്കറിങ് ലൈറ്റും കൂടാതെ അധിക ലൈറ്റും കണ്ടെത്തി. ബസിന്റെ ഫിറ്റ്നസ് വ്യാജമായി നിർമിച്ചതാണെന്നും കണ്ടെത്തി. തുടർന്നാണ് 2,56,000 രൂപ പിഴ ചുമത്തിയത്. തുടർന്ന് നടത്തിയ പരിേശാധനയിലാണ് ബസിനു കഴിഞ്ഞ മാസം പതിന്നാലുമുതൽ ഈ മാസം പതിമ്മൂന്നാം തീയതിവരെ ആറ്റിങ്ങൽ അഡിഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫിറ്റ്നസ് നൽകിയതായി കണ്ടത്. ഈ പെർമിറ്റ് ഉപയോഗിച്ച് ബസ് കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലെ വിനോദയാത്രകൾക്കായാണ് ഉപയോഗിച്ചതെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി.
സർട്ടിഫിക്കറ്റ് നൽകിയെന്ന് ബസുകാർ അവകാശപ്പെട്ട മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥനായ ആർ.എസ്. ശങ്കർ ആറുമാസം മുൻപ് ആറ്റിങ്ങലിൽനിന്നു സ്ഥലംമാറിപ്പോയതായി കണ്ടെത്തി. തുടർന്നാണ് പോലീസിൽ കേസ് നൽകിയത്.
Content Highlights: Fake Fitness Certificate Used for School Trips: Authorities Uncover Deception