മാര്‍പാപ്പയുടെ സന്തതസഹചാരി, മലയാളിയായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് | ചിത്രം: goodshepherdscope.blogspot.com
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് | ചിത്രം: goodshepherdscope.blogspot.com

കോട്ടയം: ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ സംഘാടകനായ ചങ്ങനാശ്ശേരി അതിരൂപതാംഗം മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുത്തു. ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ എട്ടാം തീയതിയാണ് കര്‍ദിനാളന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. 

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 കര്‍ദിനാളന്മാരെയാണ് ആഗോള കത്തോലിക്കാ സഭയിലേക്ക് നിയമിച്ചിരിക്കുന്നത്. ഇന്ത്യ, ജപ്പാന്‍, ഇറാന്‍, ഇന്‍ഡൊനീഷ്യ, ഫിലിപ്പൈന്‍സ് എന്നിങ്ങനെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആളുകളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. 2006 മുതല്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. 

2021 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ മുഖ്യ സംഘാടകനാണ്. അള്‍ജീരിയ, കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നിവിടങ്ങളിടെ പ്രതിനിധി കേന്ദ്രങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. 1973 ഓഗസ്റ്റ് 11-ന് ചങ്ങനാശ്ശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് അദ്ദേഹം ജനിച്ചത്. 


 

Content Highlights: pope francis travel coordinator malayali monsignor george koovakkad to become cardinal