‘ആയുഷ്കാല എംഎൽഎ ആകാനില്ല, സ്വീകരണമോ ആദരവോ വേണ്ട’; വൈറലായി പൂഞ്ഞാർ എംഎൽഎയുടെ വേറിട്ട പ്രസംഗം

#ന്യൂസ് ഡെസ്ക്
എം.ജെ. സെബാസ്റ്റ്യൻ | Photo - Facebook
എം.ജെ. സെബാസ്റ്റ്യൻ | Photo - Facebook

കോട്ടയം: സ്വന്തം ഇഷ്ടപ്രകാരമാണ് ജനപ്രതിനിധിയായി മത്സരിക്കാൻ ഇറങ്ങിയതെന്നും അതിനാൽ ജനങ്ങൾക്കായി പൂർണമായി സമർപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ. പൊതുപ്രവർത്തകർക്ക് വലിയ രീതിയിലുള്ള ആദരവുകളോ സ്വീകരണങ്ങളോ ആവശ്യമില്ല. വിദേശരാജ്യങ്ങളിൽ ഇത്തരം സമ്പ്രദായങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ നടന്ന സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ ഫ്‌ളോറിഡ ഗവർണറെ കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു. ദക്ഷിണേന്ത്യയുടെ വലിപ്പവും വലിയ സാമ്പത്തികശേഷിയുമുള്ള ഫ്‌ളോറിഡയുടെ ഗവർണർ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഒരു ബഹളവുമില്ലാതെ വരുന്നത് കണ്ടതാണ്. നമ്മുടെ മുഖ്യമന്ത്രിയെ കാണണമെന്നുണ്ടെങ്കിൽ ആളെ കുഴമ്പിട്ട് തിരുമ്മേണ്ടിവരും. കാരണം അത്രമേൽ തിക്കുംതിരക്കും അതിനനുഭവിക്കേണ്ടിവരും. ആരെങ്കിലും ഫോണിൽവിളിച്ച് വരാൻ ആവശ്യപ്പെട്ടാൽ, തനിക്ക് സാധിക്കുമെങ്കിൽ അവിടെയെത്തിയിരിക്കും. അത് കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിനേയും മെമ്പർമാരേയും മറ്റും കണ്ട് സഹായത്തിനായി കൈയും കാലും പിടിക്കേണ്ടിവരുന്ന ഇടപാടുകളൊന്നും ആവശ്യമില്ലാത്ത ഒരു പുതിയ രാഷ്ട്രീയമാണ് താൻ മുന്നോട്ടുവയ്ക്കുന്നത്. നിശ്ചിതകാലം ജനങ്ങളെ സേവിച്ചശേഷം സ്വയം ഒഴിഞ്ഞുപോകുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരമുണ്ടാവണം. ജീവിതകാലം മുഴുവൻ, അതായത് 90 വയസ്സുവരെ എം.എൽ.എ.യോ മന്ത്രിയോ ചെയർമാനോ ആയി തുടരണമെന്ന് ആരും തെറ്റിദ്ധരിക്കരുത്.

തനിക്ക് ലഭിച്ച ഈ ചുമതലകളിൽ പൂർണ സംതൃപ്തനാണ്. സ്വയം ഏറ്റ ഉത്തരവാദിത്വമാണിത്. മുൻപ് രാത്രി 11 മണിക്ക് ഉറങ്ങിയിരുന്നു. ഇപ്പോൾ പന്ത്രണ്ടര, ഒരുമണി നേരത്താണ് ഉറങ്ങാറ്. രാവിലെ അഞ്ചുമണിക്കുതന്നെ ആളുകൾ വിളിച്ചുണർത്തുകയുംചെയ്യും. അതിൽ ഒരു പരാതിയുമില്ല. തന്റെ തിരക്കുകളെ വിശദീകരിക്കാൻ നടൻ ജഗതിയുടെ സിനിമാ ഡയലോഗും അദ്ദേഹം തമാശ രൂപേണ അവതരിപ്പിച്ചു.

കുറെ നേരം കാണാതിരുന്ന ജഗതിയോട് അമ്മ 'എന്റെ മോനെ നിന്നെയോർത്ത് ഞാൻ എന്തുമാത്രം തീതിന്നു' എന്ന് വിഷമത്തോടെ ചോദിക്കുമ്പോൾ, 'അമ്മ ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ എന്തിനാണ് തിന്നുന്നത്' എന്ന് ജഗതി തിരിച്ചുചോദിക്കുന്ന രംഗം ഓർമിപ്പിച്ച അദ്ദേഹം, ഈ തിരക്കുകളെല്ലാം താൻ സ്വയം ചോദിച്ചു വാങ്ങിയ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ്, ആദരവിന് നന്ദിയർപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.