LDF സ്ഥാനാർഥിക്കെതിരേ അതൃപ്തി; പൊന്നാനിയിൽ നോട്ടയ്ക്ക് വോട്ടഭ്യർഥിച്ച് 'സഖാക്കളുടെ' പേരിൽ ബോർഡ്

#ഇലക്ഷൻ ഡെസ്ക്
നോട്ടയ്ക്ക് വോട്ടഭ്യർഥിച്ച് പുതുപൊന്നാനിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
നോട്ടയ്ക്ക് വോട്ടഭ്യർഥിച്ച് പുതുപൊന്നാനിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്

പൊന്നാനി: നോട്ടയ്ക്ക് വോട്ടഭ്യർഥിച്ച് പുതുപൊന്നാനിയിൽ ഫ്‌ളക്‌സ് ബോർഡ്. '44-ാം വാർഡ് സഖാക്കൾ പുതുപൊന്നാനി' എന്ന പേരിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. 'അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധനസ്ഥരല്ല' എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഫ്‌ളക്‌സിൽ വി.എസ്. അച്യുതാനന്ദന്റെയും ചെഗുവേരയുടെയും ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

'ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും കാലത്തിന്റെ ചുവരിൽ എഴുതപ്പെട്ട പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകും' എന്നും കുറിച്ചിട്ടുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രത്തിനും കൈപ്പത്തിക്കും നേരേ തെറ്റും നോട്ടയ്ക്കുനേരേ ശരിയും രേഖപ്പെടുത്തിയാണ് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊന്നാനി മണ്ഡലത്തിൽ എം.കെ. സക്കീറിനെ എൽ.ഡി.എഫ്. സ്ഥാനാർഥിയാക്കിയതിൽ ഒരു വിഭാഗം അസംതൃപ്തരാണ്. സി.പി.എം. സംസ്ഥാനനേതൃത്വം എം.കെ. സക്കീറിന്റെ പേര് നിർദേശിച്ചതുമുതൽ മണ്ഡലത്തിന്റെ പലഭാഗത്തും പ്രതിഷേധം രേഖപ്പെടുത്തിയ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചെങ്കോട്ട നഗറിലാണ് നോട്ടയ്ക്ക് വോട്ടഭ്യർഥിച്ചുള്ള ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, എല്ലാംകൊണ്ടും അനുയോജ്യനായ സ്ഥാനാർഥിയെയാണ് പൊന്നാനിയിൽ പരിഗണിച്ചതെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ നിലപാട്.

Content Highlights: Flex boards in Ponnani ward 44 call for NOTA votes., Protest stems from dissatisfaction with LDF candidate MK Sakeer., The board features VS Achuthanandan and Che Guevara images., Direct criticism of CPI(M) state leadership's candidate selection.