'പാർട്ടി പ്രഖ്യാപിക്കും, നമ്മളത് നടപ്പിലാക്കും'; വിവാദങ്ങളിൽനിന്നും വിട്ടുനിൽക്കണം- ടി.എം.സിദ്ദീഖ്

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിത്വം സംബന്ധിച്ച് വീണ്ടും വിവാദങ്ങളുയരുന്നു. അഡ്വ. എം.കെ. സക്കീറിനെ സ്ഥാനാർഥിയാക്കാനുള്ള സിപിഎം നീക്കത്തിൽ ഒരുവിഭാഗം പ്രവർത്തകർ രംഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദീഖിനെ അനുകൂലിക്കുന്നവർ എതിർപ്പുമായി രംഗത്തെത്തി. പിന്നാലെ വിവാദങ്ങളിൽനിന്ന് പാർട്ടിയെ സ്‌നേഹിക്കുന്നവർ വിട്ടുനിൽക്കണമെന്ന് സിദ്ദീഖ് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. 'കണ്ടെത്തിയ സ്ഥാനാർഥിയെ പാർട്ടിയിലൂടെ തീരുമാനിക്കും. ആ തീരുമാനം പാർട്ടി പ്രഖ്യാപിക്കും. നമ്മൾ അത് നടപ്പിലാക്കും. മറ്റുവിവാദങ്ങളിൽനിന്ന് പാർട്ടിയെ സ്‌നേഹിക്കുന്നവർ വിട്ടുനിൽക്കണം'സിദ്ദീഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
2021-ലെ തിരഞ്ഞെടുപ്പിൽ സിദ്ദീഖിന് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊന്നാനിയിൽ പരസ്യപ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. പരസ്യ പ്രതിഷേധവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്കുവിധേയനായ സിദ്ദീഖിനെ ഒരു വർഷം മുമ്പാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തത്.
മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് വീണ്ടും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി.
2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി. ശ്രീരാമകൃഷ്ണന് പകരമായി ടി.എം. സിദ്ദീഖ് സ്ഥാനാർഥിയാവുമെന്നായിരുന്നു പാർട്ടി അണികളിൽ ഒരുവിഭാഗം കരുതിയിരുന്നത്. ഇതിനിടയിൽ പി. നന്ദകുമാർ സ്ഥാനാർഥിയായി എത്തുന്നതോടെയാണ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പരസ്യപ്രതിഷേധങ്ങളുണ്ടായത്. തുടർന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെത്തുടർന്നാണ് ടി.എം. സിദ്ദീഖിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് നീക്കംചെയ്തത്. കമ്മിഷൻ റിപ്പോർട്ടിൽ വ്യാപകമായ അപാകതയുണ്ടെന്ന പ്രതിഷേധവും ഉയർന്നിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടു ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പിന്നീട് 2022 ഏപ്രിലിൽ ജില്ലാകമ്മിറ്റിയുടെ അംഗീകാരത്തോടെ ടി.എം. സിദ്ദീഖിനെ പൊന്നാനി ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. 54 -കാരനായ ടി.എം. സിദ്ദീഖ് 1989 -ലാണ് പാർട്ടി അംഗമാവുന്നത്. 1991 -ൽ വെളിയങ്കോട് ബ്രാഞ്ച് സെക്രട്ടറിയും 1997 -ൽ വെളിയങ്കോട് ലോക്കൽ സെക്രട്ടറിയാവുകയും പിന്നീട് സിപിഎം പൊന്നാനിയുടെ ഏരിയാ സെക്രട്ടറിയായി. 2017 -ൽ പാലപ്പെട്ടി പുതിയിരുത്തിയിൽ നടന്ന ഏരിയാ സമ്മേളനത്തിലാണ് സിദ്ദീഖ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
ഇത്തവണ സിദ്ദീഖിനെ പൊന്നാനിയിൽ പരിഗണിക്കുമെന്ന് അദ്ദഹത്തെ അനുകൂലിക്കുന്നവർ കരുതിയിരുന്നു. ഇതിനിടയിലാണ് എം.കെ.സക്കീറിനെ പൊന്നാനിയിലേക്ക് പരിഗണിക്കുന്ന വിവരം പുറത്ത് വന്നത്. സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരുന്ന എം.കെ. സക്കീർ കഴിഞ്ഞദിവസം സ്ഥാനം രാജിവെക്കുകയും പുതിയ ചെയർമാനായി കെ.എസ്. ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിപ്രഖ്യാപനം നടക്കാനിരിക്കെയാണ് സക്കീർ വെള്ളിയാഴ്ച രാജിവെച്ചത്.
Content Highlights: Internal rift within CPM Ponnani over candidate selection., MK Sakeer being considered for Ponnani, leading to protests by TM Siddique supporters