'ഈ ബെവറേജസിനെ കാത്തോളണേ'; പുതിയ മദ്യവില്‍പനശാലയില്‍ 'ദക്ഷിണ' നല്‍കി ആദ്യ കച്ചവടം

ആദ്യവില്‍പനയുടെ തുക ദക്ഷിണയായി സ്വീകരിച്ചപ്പോഴത്തെ ബെവറേജസ് ഷോപ്പിലെ ജീവനക്കാരന്റെ ആഹ്ലാദം
ആദ്യവില്‍പനയുടെ തുക ദക്ഷിണയായി സ്വീകരിച്ചപ്പോഴത്തെ ബെവറേജസ് ഷോപ്പിലെ ജീവനക്കാരന്റെ ആഹ്ലാദം

പൊന്‍കുന്നം (കോട്ടയം): ഏറെക്കാലമായി ചില്ലറ മദ്യവില്‍പനശാലയില്ലാതിരുന്ന പൊന്‍കുന്നത്തേക്ക് ബെവറേജസ് ഷോപ്പ് എത്തിയപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആഹ്ലാദം.

ആദ്യം വിറ്റ മദ്യക്കുപ്പിയുടെ തുക ഉപഭോക്താവ് മദ്യവില്‍പനശാലയിലെ ജീവനക്കാരന് നല്‍കിയതാകട്ടെ വെറ്റിലയും പാക്കുമുള്‍പ്പെടെ ആദരപൂര്‍വം 'ദക്ഷിണയായി.' വര്‍ഷങ്ങളായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് കുപ്പിവാങ്ങേണ്ട ഗതികേടില്‍നിന്ന് മോചനമായതിന്റെ സന്തോഷമായിരുന്നു വരിനിന്നവര്‍ക്കെല്ലാം. ഐശ്വര്യപൂര്‍ണമായ തുടക്കത്തില്‍ ജീവനക്കാര്‍ക്കും സന്തോഷം. പൊന്‍കുന്നം കെവിഎംഎസ്- എരുമേലി റോഡില്‍ ചിറക്കടവ് കള്ളുഷാപ്പിന് സമീപമാണ് ബെവറേജസ് ഷോപ്പ് തുടങ്ങിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്‍കുന്നത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയുണ്ടായിരുന്നു. ഹൈവേ ദൂരപരിധി നിയമം വന്നപ്പോള്‍ അത് പൊന്‍കുന്നം- കപ്പാട് റോഡിലേക്ക് മാറ്റി. പ്രതിഷേധത്തെത്തുടര്‍ന്ന് ഇത് പിന്നീട് എരുമേലിക്കുമാറ്റി. ഇതിനിടെ പൊന്‍കുന്നത്ത് ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപം ബിവറേജസിന്റെ വില്പനശാല ഇടയ്ക്ക് തുടങ്ങിയെങ്കിലും അതും നിലച്ചു.

15 കിലോമീറ്റര്‍ അകലെ ഉരുളികുന്നത്തെ മദ്യശാലയായിരുന്നു പിന്നെ ആശ്രയം. അതും പൂട്ടിയതോടെ പിന്നീട് എലിക്കുളം മഞ്ചക്കുഴിയിലായി മദ്യശാല. ഇപ്പോള്‍ പൊന്‍കുന്നം മേഖലയില്‍നിന്നുള്ളവര്‍ 11 കി.മീ ദൂരം സഞ്ചരിച്ചാണ് അവിടെയെത്തിയിരുന്നത്.


 

Content Highlights: ponkunnam beverage retail outlet inauguration