കൈകൊടുത്തത് സി.പി.എമ്മിന്റെ ബദ്ധശത്രുവിന്; അന്‍വറിന്റെ പൂഴിക്കടകന്‍ ലക്ഷ്യംവെക്കുന്നത് ആരെ?

കോണ്‍ഗ്രസ്, ഡി.ഐ.സി., എല്‍.ഡി.എഫ്., ഡി.എം.കെ. അങ്ങനെ പല പാര്‍ട്ടികളും മുന്നണിയും മാറിയാണ് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍, യു.ഡി.എഫിനോട് അടുക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ചിത്രം പുറത്തെത്തുന്നത്.മാസങ്ങളായി രാഷ്ട്രീയകേരളത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ചോദ്യത്തിനാണ് ഇപ്പോള്‍ കൊല്‍ക്കത്തയില്‍നിന്ന് ഉത്തരം ലഭിക്കുന്നതും.പി.വി. അന്‍വര്‍ തൃണമൂലിന് കൈകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിലവില്‍ ടി.എം.സിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തിട്ടില്ലെങ്കിലും അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കോ- ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തും.
ഇടത് സ്വതന്ത്രനായി ജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിശ്വസ്തനും ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്നണിക്ക് പുറത്തേക്ക് വഴി വെട്ടിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ ഭരണകക്ഷിയിലെ തന്നെ എം.എല്‍.എ. ആരോപണം ഉന്നയിച്ചതോടെ വലിയ പ്രധാന്യമാണ് ആരോപണങ്ങള്‍ക്ക് ലഭിച്ചത്. ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി പരസ്യപ്രതികരണം വിലക്കിയതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അന്‍വര്‍ സ്വയം പുറത്തേക്കുള്ള വഴി തുറന്നത്.
ചതിയന്‍, ഗതികെട്ടവന്‍, പാര്‍ട്ടി പ്രവര്‍ത്തകരാല്‍ വെറുക്കപ്പെട്ടവന്‍, കെട്ടുപോയ സൂര്യന്‍, ഏകാധിപതി എന്നീ കടുത്ത വിശേഷങ്ങളാണ് ഒരുകാലത്ത് പിതാവിനെപ്പോലെ കരുതിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്‍വര്‍ തൊടുത്തുവിട്ടത്. സി.പി.എം. സംസ്ഥാന സമ്മേളനങ്ങളിലേക്ക് കടക്കുന്ന ഘട്ടത്തിലെ അന്‍വറിന്റെ പടപ്പുറപ്പാടിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടാവാമെന്നും വ്യാഖ്യാനിക്കപ്പെട്ടു. കണ്ണൂരിലെ മുതിര്‍ന്ന നേതാവിന്റെ പിന്തുണയുണ്ടെന്ന് അന്‍വര്‍ തന്നെ അവകാശപ്പെട്ടു. എന്നാല്‍ ഏതാനും പ്രാദേശിക നേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ വലിയ നേതാക്കളെയൊന്നും ഒപ്പം കൂട്ടാന്‍ അന്‍വറിനായില്ല. പില്‍ക്കാലത്ത് പിന്തുണയുമായി സി.പി.എമ്മിന്റെ വലിയ നേതാക്കളൊന്നും എത്തിയതുമില്ല. അതോടെ അന്‍വറും അദ്ദേഹത്തിന്റെ യുദ്ധവും രാഷ്ട്രീയ കേരളത്തിന്റെ ജങ്ഷനില്‍ മറ്റൊരു വണ്ടിയും തേടി നില്‍പ്പായി. യു.ഡി.എഫിന് കൈകാണിച്ചെങ്കിലും നിര്‍ത്തുന്ന ലക്ഷണം കാണാത്തതോടെ അങ്ങ് വംഗദേശത്തേക്ക് നിലമ്പൂരില്‍നിന്ന് അന്‍വര്‍ തീവണ്ടിപിടിച്ചു.
സ്വാതന്ത്രസമര സേനാനിയായിരുന്ന പി.വി. ഷൗക്കത്ത് അലിയുടെ മകനായ അന്‍വര്‍, കെ.എസ്.യു. വഴിയാണ് രാഷ്ട്രീയത്തിലെത്തിയത്. മമ്പാട് എം.ഇ.എസ്. കോളേജില്‍ ചെയര്‍മാനായിരുന്ന അന്‍വര്‍ യൂത്ത് കോണ്‍ഗ്രസില്‍ ജില്ലാ വൈസ് പ്രസിഡന്റ് വരെയായി. ഇന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു അന്‍വര്‍. സുധാകരന്‍ വനംമന്ത്രിയായിരുന്ന കാലത്ത് അന്‍വര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കെ. കരുണാകരന്‍ ഡി.ഐ.സി. ഉണ്ടാക്കിയപ്പോള്‍ അന്‍വറും ആ വഴിക്ക് പോയി.
2011-ല്‍ ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച അന്‍വറിനെ സി.പി.എം. പിന്തുണച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ബി.ജെ.പിക്കും പിന്നില്‍ നാലാമതായി. പി.കെ. ബഷീര്‍ വിജയിച്ച തിരഞ്ഞെടുപ്പില്‍ അന്‍വര്‍ 47,000-ത്തിലേറെ വോട്ട് നേടി രണ്ടാമതായി. 2014-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച അന്‍വര്‍ പരാജയപ്പെട്ടു. 2016-ലും 2021-ലും ഇടത് സ്വതന്ത്രനായി നിലമ്പൂരിന്റെ എം.എല്‍.എയായി.
പിണറായിയുമായി ഇടഞ്ഞ അന്‍വര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ ഭാഗമാകാനായിരുന്നു ശ്രമിച്ചത് ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധത്തിലുള്ള സ്റ്റാലിന്‍ പച്ചക്കൊടി കാട്ടിയില്ല. പിന്നാലെ തൃണമൂലുമായി ചര്‍ച്ച നടത്തി. ഇതിനിടയ്ക്ക് കോണ്‍ഗ്രസുമായും ലീഗുമായും അടക്കം ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഇത് നേതാക്കള്‍ തന്നെ നിഷേധിച്ചു. ഇതിന്റെയെല്ലാം പര്യവസാനമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായിരിക്കുന്നത്.
അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് സുധാകരന് അനുഭാവമുണ്ടെങ്കിലും വി.ഡി. സതീശനും എ ഗ്രൂപ്പിനും അതിനോട് യോജിപ്പില്ല. വി.ടി. ബല്‍റാമും മാത്യു കുഴല്‍നാടനും നിലമ്പൂര്‍ സീറ്റില്‍ നോട്ടമുള്ള ആര്യാടന്‍ ഷൗക്കത്തുമുള്‍പ്പെടെ പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് വഴി കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാമെന്നായിരുന്നു അന്‍വറിന്റെ പ്രതീക്ഷ. ഇതിനായി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ നേരിട്ട് കാണുകയടക്കം ചെയ്തിരുന്നു. സി.പി. ജോണ്‍ അടക്കമുള്ളവര്‍ക്കും അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനോട് യോജിപ്പാണ്. എന്നാല്‍, ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
നിലപാടുകളിലെ അസ്ഥിരതയാണ് തിടുക്കത്തില്‍ അന്‍വറിനെ മുന്നണിയിലെടുക്കേണ്ടെന്ന അഭിപ്രായത്തിലേക്കെത്താന്‍ പല നേതാക്കളേയും കക്ഷികളേയും നിര്‍ബന്ധിക്കുന്നത്. എന്നാല്‍, ബംഗാളില്‍ സി.പി.എമ്മിനെ ബദ്ധശത്രുവായി കണ്ട് മുന്നോട്ടുപോകുന്ന മമതയ്ക്ക് കൈകൊടുക്കുന്നതോടെ അന്‍വറിനെ സ്വീകരിക്കാന്‍ യു.ഡി.എഫ്. തയ്യാറാകുമോയെന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ചോദ്യംചെയ്യുന്ന മമതയോടുള്ള അപ്രീതി അന്‍വറിനെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനത്തില്‍ പ്രതിഫലിക്കുമോയെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.
നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലാവും മുമ്പ് പിണറായിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉപമിച്ചിരുന്നു പി.വി. അന്‍വര്‍. ബംഗാളില്‍ പിണറായി വിജയന്റെ പാര്‍ട്ടിയായ സി.പി.എമ്മിനോടും മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പിയോടും ഒരേപോലെ എതിരിടുന്ന മമത ബാനര്‍ജിയുടെ പാര്‍ട്ടിക്കാണ് അന്‍വര്‍ ഇപ്പോള്‍ കൈകൊടുക്കുന്നത്. ഡി.എം.കെയില്‍ ചേക്കേറാന്‍ ശ്രമിച്ച അന്‍വര്‍, പാര്‍ട്ടി കൊടിയോട് സാദൃശ്യമുള്ള ഷാള്‍ ധരിച്ച് തമിഴില്‍ സംസാരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. തൃണമൂലിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അന്‍വര്‍ വെള്ളിയാഴ്ച തൃണമൂല്‍ അധ്യക്ഷ മമതയ്ക്കൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ബംഗാളില്‍ സി.പി.എമ്മിന്റെ അടിവേര് അറുത്ത, പാര്‍ട്ടിയുടെ ബദ്ധശത്രുവായ മമതയ്‌ക്കൊപ്പം കൈകോര്‍ക്കുന്നതോടെ പി.വി. അന്‍വര്‍ വേഴ്‌സസ് പി.വി. (പിണറായി വിജയന്‍) പോരാട്ടം കടുക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.
Content Highlights: Nilambur MLA PV Anvar joins Trinamool Congress after falling out with CPM