കസ്റ്റഡി മർദനവും മരണവും മനുഷ്യാവകാശ ലംഘനമല്ലെന്ന് പോലീസ്; വിവരാവകാശ കമ്മിഷന് മുന്നിലും തിരുത്തിയില്ല

കൊച്ചി: കസ്റ്റഡിമർദനം, മരണം തുടങ്ങിയ വിവരങ്ങൾ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽവരില്ലെന്നും അത്തരം വിവരങ്ങൾ നൽകാനാകില്ലെന്നുമുള്ള മുൻനിലപാട് തിരുത്താതെ പോലീസ്. കസ്റ്റഡിമർദനം, കസ്റ്റഡിമരണം തുടങ്ങിയവ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നുപറഞ്ഞ് ഇത്തരം വിവരങ്ങൾ വിവരാവകാശ അപേക്ഷയിൽ പോലീസ് നിഷേധിച്ചിരുന്നു. ഇതിനെതിരേ വിവരാവകാശ കമ്മിഷനുമുന്നിൽ മുൻപ്രോസിക്യൂഷൻ ഡയറക്ടർ ജനറലായിരുന്ന അഡ്വ. ടി. ആസഫലി നൽകിയ അപ്പീലിനുനൽകിയ മറുപടിയിലാണ് മുൻ നിലപാട് പോലീസ് ആവർത്തിച്ചത്.
കസ്റ്റഡിമർദനവും മരണവും മനുഷ്യാവകാശലംഘനമായി കണക്കാക്കാത്തതിന്റെ കാരണം സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലവഹിക്കുന്ന പോലീസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടില്ല. 2006, 2013, 2016 വർഷങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം അഴിമതിയും മനുഷ്യാവകാശ ലംഘനവുമൊഴിച്ചുള്ള വിവരങ്ങൾ ക്രൈം റെക്കോഡ്‌സ് ബ്യൂറോ നൽകേണ്ടതില്ലെന്നാണ് വിശദീകരണത്തിൽ ആവർത്തിക്കുന്നത്.
പാർലമെന്റിലും നിയമസഭയിലും നൽകേണ്ട വിവരങ്ങൾ വിവരാവകാശ അപേക്ഷയിൽ നിഷേധിക്കരുതെന്ന് നിയമം വ്യക്തമാക്കുമ്പോഴാണ് പോലീസ് കസ്റ്റഡിമർദനത്തിന്റെയും മരണത്തിന്റെയും വിവരങ്ങൾ നിഷേധിക്കുന്നതെന്ന് ആസഫലി ചൂണ്ടിക്കാട്ടി. ഇരുകക്ഷികളെയും കേട്ട് വിവരാവകാശ കമ്മിഷനാണ് അപ്പീലിൽ അന്തിമതീരുമാനം എടുക്കേണ്ടത്.
Content Highlights: Police reiterated before the Right to Information Commission that custodial torture and custodial deaths do not fall under the definition of human rights violations and therefore related information cannot be disclosed. The stance was maintained despite legal objections, with the final decision now pending before the Information Commission.