റോഡില്‍ റോട്ട്‌വീലര്‍; രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി, പരാതിയുമായി നാട്ടുകാര്‍

ആലപ്പുഴ : കടത്തിണ്ണയില്‍ മുന്തിയയിനം നായ റോട്ട്‌വീലര്‍ ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മോഷ്ടിച്ചതാണോ, ഉപേക്ഷിക്കാനുള്ള കാരണമെന്ത്, ലഹരിക്കടത്തു സംഘങ്ങള്‍ ഉപയോഗിച്ചിരുന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ലഹരിക്കടത്തു സംഘങ്ങള്‍ വാഹനപരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ മുന്തിയ ഇനം നായ്ക്കളെ വണ്ടികളില്‍ കൊണ്ടുനടക്കാറുണ്ട്.
അതിനിടെ, താത്കാലിക സംരക്ഷണമേറ്റ വീട്ടുകാര്‍ നായയെ കാണാന്‍ അനുവദിക്കുന്നില്ലെന്നു നാട്ടുകാര്‍ക്കിടെ പരാതിയുയര്‍ന്നു. സന്ദര്‍ശകര്‍ കൂടി ശല്യമായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഉടമയെത്തിയാല്‍ കൈമാറണമെന്ന വ്യവസ്ഥയിലാണ് താത്കാലിക സംരക്ഷണത്തിനു നല്‍കിയതെന്ന് കലവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ ജിം കിഴക്കൂടന്‍ പറഞ്ഞു. നായ നഷ്ടപ്പെട്ടതായി അറിയിച്ച് ഇതുവരെയാരും എത്തിയിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചേ മൂന്നോടെ കാറില്‍ വന്നവരാണ് കലവൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കടത്തിണ്ണയില്‍ നായയെ കെട്ടിയിട്ടത്. തട്ടുകടയില്‍നിന്നു ചായകുടിച്ചു മടങ്ങുമ്പോള്‍ നായയെ കൊണ്ടുപോയില്ല. മറന്നതാണെങ്കില്‍ വാര്‍ത്ത വന്നതോടെ അന്വേഷിച്ചെത്തേണ്ടതാണ്.
ഉറക്കെ കുരച്ചുകൊണ്ടിരുന്ന നായയെ എങ്ങനെയെങ്കിലും മാറ്റണമെന്നായിരുന്നു സ്ഥലത്തെത്തിയവരുടെ ആവശ്യം. അതിനായി പോലീസ്സഹായവും തേടിയിരുന്നു. എന്നാല്‍, മൃഗഡോക്ടറെത്തി വന്‍വിലയുള്ള നായയാണെന്നും ഇണചേരാനനുവദിച്ചാല്‍ മാസം വലിയതുക സമ്പാദിക്കാനാകുമെന്നും പറഞ്ഞതോടെയാണു സ്വന്തമാക്കാന്‍ ആവശ്യക്കാര്‍ കൂടിയത്.
Content Highlights: Police's intelligence unit has launched an investigation into the Rottweiler's abandonment on roadsi