കേസന്വേഷിക്കാൻ പോയ പോലീസ് വാഹനം റോഡിലെ കുഴിയിൽവീണ് കേടായി

കിഴുപ്പിള്ളിക്കര : കേസന്വേഷിക്കാൻ പോയ പോലീസ് വാഹനം റോഡിലെ കുഴിയിൽവീണ് കേടായി. പെരിങ്ങോട്ടുകര പോലീസ് ഔട്ട്‌പോസ്റ്റിലെ വാഹനത്തിന്റെ മുൻവശത്തെ ചക്രത്തിലേക്കുള്ള ഭാഗം ഒടിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങുകയായിരുന്നു.
ശനിയാഴ്ച രാത്രി കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിനു പിറകുവശത്തുള്ള റോഡിൽ വെച്ചാണ് വാഹനം കുടുങ്ങിയത്. ഡ്രൈവറടക്കം മൂന്ന് പോലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.
കുഴിയിൽവീണതോടെയാണ് വാഹനത്തിന്റെ മുൻഭാഗം തകർന്നത്. തുടർന്ന് സമീപത്തെ വീട്ടിലേക്ക് വാഹനം കയറ്റിയിട്ട് വേറെ വാഹനം വരുത്തിയാണ് പോലീസുകാർ തിരിച്ചുപോയത്. പതിവായി ക്രമസമാധാനപ്രശ്നമുള്ള താന്ന്യം, ചാഴൂർ പഞ്ചായത്തുകൾക്കുള്ള ഏക ആശ്രയമായ പെരിങ്ങോട്ടുകര പോലീസ് ഔട്ട്‌പോസ്റ്റിൽ കാര്യക്ഷമമായ വാഹനമില്ലാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്.
Content Highlights: A police vehicle from Peringottukara Outpost fell into a pothole damaging its front wheel