കൊടകര: അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് കത്തയച്ചു, മൂന്നുകൊല്ലമായിട്ടും അനങ്ങാതെ ഇ.ഡി.

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നത് മൂന്നുവര്‍ഷം. കവര്‍ച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് ഇ.ഡി. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേസ് അന്വേഷിച്ച സംസ്ഥാന പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു എഴുതിയ കത്തിന്റെ പകര്‍പ്പ് പുറത്തായി.
2021 ഓഗസ്റ്റ് എട്ടിന് ഇ.ഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് കത്തയച്ചിരുന്നത്. കത്ത് അയച്ചിട്ടും ഇതുവരെയും ഇ.ഡിക്ക് അനക്കമില്ല. സംസ്ഥാന പോലീസിലെ പ്രത്യേക സംഘമായിരുന്നു കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചിരുന്നത്.
കൊടകരയിലേത് കവര്‍ച്ചാക്കേസ് ആയാണ് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പിന്നീട് പോലീസിന് വ്യക്തമായി. കവര്‍ച്ച ചെയ്യപ്പെട്ടതില്‍ കൂടുതല്‍ പണം വാഹനത്തില്‍ ഉണ്ടായിരുന്നു എന്നും മനസ്സിലായി. തുടര്‍ന്നാണ് ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ചില വ്യക്തതക്കുറവുണ്ടെന്ന് ബോധ്യമാകുന്നത്.
2021-ലാണ് വാഹനത്തില്‍ എത്തിച്ച പണം കൊടകരയില്‍വെച്ച് കവര്‍ച്ച ചെയ്യപ്പെടുന്നത്. 25 ലക്ഷം കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് ആ വാഹനം ഓടിച്ചിരുന്ന ഷംജീര്‍ എന്നയാള്‍ പറഞ്ഞിരുന്നത്. കോഴിക്കോടുനിന്ന് സുനില്‍ നായിക് എന്ന വ്യക്തി ധര്‍മരാജന്‍ എന്നയാള്‍ക്ക് നല്‍കാന്‍ എറണാകുളത്തേക്ക് കൊടുത്തയച്ച പണം ആണിത് എന്നും പറഞ്ഞിരുന്നു. പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ കൂടുതല്‍ അറകള്‍ കണ്ടെത്തി.
തുടര്‍ന്ന് പരാതിക്കാരന്‍ കൂടിയായ ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ വാഹനത്തില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നു എന്ന് അദ്ദേഹം മൊഴി നല്‍കി. ബിസിനസ് ആവശ്യത്തിനുള്ള പണം എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. എന്നാല്‍, ഇത് ആദ്യത്തെ കവര്‍ച്ചയല്ലെന്നും മുന്‍പ് ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പണവും കൊള്ളയടിക്കപ്പെട്ടതായി ധര്‍മരാജന്‍ മൊഴി നല്‍കി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതാണെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയതായും ഇ.ഡിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
25 ലക്ഷം കൊള്ളയടിക്കപ്പെട്ടു എന്ന് പരാതിയില്‍ സംസ്ഥാന പോലീസ് ആരംഭിച്ച അന്വേഷണത്തില്‍ ഏകദേശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ പോലീസ് വീണ്ടെടുത്തു. രണ്ടുകോടി കണ്ടെത്താനുണ്ടെന്നും ഇ.ഡിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. 06-03-2021-ന് സേലത്തിന് കൊങ്ങനാപുരത്ത് നടന്ന കവര്‍ച്ചയില്‍ 4.04 കോടി രൂപ നഷ്ടമായെന്നും ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയെന്നതും ഇ.ഡിക്ക് അയച്ച കത്തിലുണ്ട്.
Content Highlights: police dmands ed enquiry in kodakara black money case 3 year ago but former have not taken any step