പോലീസ് മർദനം ഫോണിൽ പകർത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പോലീസ് അതിക്രമം

കാസർകോട്: മൊഗ്രാലിൽ നാട്ടുകാരെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ 17 കാരനെ ക്രൂരമായി മർദിച്ച് കുമ്പള പോലീസ്. പരാതിയുമായി സ്റ്റേഷനിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കാനും ശ്രമിച്ചതായി പരാതി.
ഒക്ടോബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തിനിടയിലുണ്ടായ വാക്കുതർക്കം അടിപിടിയിലേക്ക് നീങ്ങുകയും റോഡിലേക്ക് തർക്കം നീളുകയും ചെയ്തതോടെയാണ് കുമ്പള പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാരെയും പോലീസ് മർദിച്ചുവെന്നാണ് ആരോപണം. ഈ ദൃശ്യങ്ങൾ പകർത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയും പോലീസ് അതിക്രമം അഴിച്ചുവിട്ടു. കുട്ടികൾ ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവർക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മർദിക്കുകയുമായിരുന്നുവെന്നും മർദമനേറ്റ 17കാരൻ പറയുന്നു.
പരിക്കേറ്റ 17 കാരനെ അടുത്ത ബന്ധുവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിഷയം പോലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും വിഷയം പോലീസിൽ അറിയിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ചതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും സ്റ്റേഷനിലെത്തി. മൊഴി രേഖപ്പെടുത്താനാവും വിളിച്ചുവരുത്തിയിട്ടുണ്ടാകുയെന്നാണ് കുടുംബം വിചാരിച്ചത്. എന്നാൽ പോലീസ് സ്റ്റേഷനിൽ ഇൻ്റിമേഷൻ എത്തിയ സമയം ഒപ്പിടാൻ എന്ന വ്യാജേന വിളിച്ചുവരുത്തി വ്യാജകേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
പതിനേഴുകാരനെയും സുഹൃത്തുക്കളെയും കടയുടെ മുന്നിൽ നിന്നും പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയട്ടുണ്ട്.
Content Highlights: In Kasaragod, police brutally assaulted a 17-year-old who filmed them beating locals. The teen and his parents were allegedly threatened with false charges.