'വലിയ ബോര്‍ഡല്ല, ലോഗോ വെക്കാനാണ് പറഞ്ഞത്'; ലൈഫില്‍ ബ്രാന്‍ഡിങ്ങിലുറച്ച് കേന്ദ്രം

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ നിലപാടിലുറച്ച് കേന്ദ്രം. പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിങ് നിര്‍ബന്ധമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര നഗരകാര്യനിര്‍മാണ മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒരു ലോഗോ വെക്കണമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വീടുകള്‍ക്ക് പുറത്ത് വലിയ ബോര്‍ഡ് വെക്കണമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോഗോ വെക്കുന്നതില്‍ എന്താണ് പ്രശ്‌നം? ഒരു വീട്ടുടമയ്ക്കും ഇതില്‍ പരാതിയില്ല. ലോഗോ വെക്കുന്നത് ഒരു കോട്ടവുമുണ്ടാക്കില്ല. പി.എം.എ.വൈ. ലോഗോ വെച്ചാല്‍ മാത്രം മതി. ഇഷ്ടമുള്ള എവിടെ വേണമെങ്കിലും വെക്കാം. രാഷ്ട്രീയലക്ഷമുള്ളവര്‍ വിമര്‍ശിക്കുന്നുണ്ടാവുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ അനുവദിക്കുന്ന സഹായധനവും ലൈഫില്‍ ചെലവഴിക്കുന്നതിനാല്‍ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളില്‍ പതിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.
പി.എം.എ.വൈ. പദ്ധതിയുടെ പേരുപയോഗിച്ചില്ലെന്ന കാരണത്താല്‍ ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും കേന്ദ്രസര്‍ക്കാര്‍ പണം തടഞ്ഞുവെച്ചിരുന്നു.
Content Highlights: pmay life mission houses logo branding hardeep singh puri