പിഎംശ്രീ:പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ LDF ഒപ്പിട്ടു-മന്ത്രി എൻ.ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
'പിഎം ശ്രീ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതാണ്. ഇതിന്റെ ഫലമായി തടഞ്ഞുവെച്ചിരുന്ന എസ്എസ്‌കെ ഫണ്ട് 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റിയിട്ടുണ്ട്. എല്ലാം ചെയ്തത് കഴിഞ്ഞ സർക്കാരാണ്. യുഡിഎഫ് സർക്കാർ പുതുതായി ഏതെങ്കിലും കരാർ ഒപ്പുവെക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പിഎം ശ്രീ നടപ്പാക്കാൻ സന്നദ്ധമാണെന്ന് പറഞ്ഞ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കത്തയച്ചിട്ടുണ്ട്. 2025 ഒക്ടോബർ 16-ന് ധാരണാപത്രം ഒപ്പിട്ടു. ഇരുട്ടിന്റെ മറവിൽ കാബിനറ്റിനെ പോലും അറിയിക്കാതെയാണ് ഒപ്പിട്ടത്.
ഇതിൽനിന്ന് പിൻമാറാനുള്ള അധികാരവും അവകാശവും കേന്ദ്ര സർക്കാരിന് മാത്രമാണുള്ളത് എന്ന വ്യവസ്ഥയ്ക്ക് എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകി. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ ബലികഴിച്ച് പിണറായി സർക്കാർ ഒപ്പിട്ട കരാറിനെകുറിച്ച് വ്യാജ പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്' ഷംസുദ്ദീൻ പറഞ്ഞു.
ഇത് വിവാദമായപ്പോൾ നിങ്ങൾ അയച്ച കത്തിൽ കരാർ റദ്ദാക്കണമെന്നോ തുടർനടപടി വേണ്ട എന്നോ പറഞ്ഞിട്ടില്ലെന്നും കത്ത് വായിച്ചുകൊണ്ട് ഷംസുദ്ദീൻ പറഞ്ഞു.
ആശങ്കകൾ ചർച്ച ചെയ്യാൻ ഉണ്ടാക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ധാരാണാപത്രം നടപ്പാക്കുന്നത് താത്കാലികമായി നീട്ടിവെക്കേണ്ടതാണ് എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. അതിന് നിയമപരമായി ഒരു പിൻബലവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്കെന്ന് എന്ന് പറഞ്ഞുകൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ലേഖനമെഴുതി. മന്ത്രിസഭാ ഉപസമിതിയെ വെച്ചെന്ന് പറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീർന്നിട്ടും ഈ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നിട്ടില്ല. എന്നാൽ ഞങ്ങളൊരു മന്ത്രിസഭാ സമിതി വെച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നിട്ടേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്നും ഷംസുദ്ദീൻ മറുപടി നൽകി.
എന്നാൽ എന്തുകൊണ്ടാണ് പിഎം ശ്രീ നടപ്പിലാക്കില്ലെന്ന് പറയാനുള്ള ആർജ്ജവം ലീഗിന് ഇല്ലാതെ പോയതെന്ന് പ്രമേയ അവതരണത്തിന് അനുമതി തേടി കൊണ്ട് പി.പ്രസാദ് പറഞ്ഞു.
Content Highlights: Minister N. Shamsudeen alleges the previous LDF government signed the PM SHRI agreement., The agreement reportedly grants exclusive withdrawal rights to the Central government., SSK funds worth 99.27 crore were received under the previous administration., A new cabinet sub-committee has been formed to review the implementation status., The UDF government maintains no new agreements have been signed.