ഡിഗ്രി പഠനത്തിന് പെൺകുട്ടികൾക്ക് 50,000, സ്ത്രീകൾക്ക് 36,000; ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

#ന്യൂസ് ഡെസ്ക്ക്
New Delhi, Oct 05 (ANI): Prime Minister Narendra Modi addresses 'The Responsible AI for Social Empowerment (RAISE 2020)' Virtual Summit, in New Delhi on Monday. (ANI Photo)
New Delhi, Oct 05 (ANI): Prime Minister Narendra Modi addresses 'The Responsible AI for Social Empowerment (RAISE 2020)' Virtual Summit, in New Delhi on Monday. (ANI Photo)

കൊൽക്കത്ത: ബി.ജെ.പി. അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടും. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിലേക്ക് നിയമിക്കുമെന്നും മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 36,000 രൂപ കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗർഭിണികൾക്ക് 21,000 രൂപയും കുട്ടികളുടെ പോഷകാഹാരത്തിനായി 36,000 രൂപയും അധികമായി നൽകും. സുകന്യ സമൃദ്ധി യോജന വഴി പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും മുദ്ര പദ്ധതി പ്രകാരം സ്വയം തൊഴിലിനായി 20 ലക്ഷം രൂപവരെ വായ്പ നൽകും. ലക്ഷക്കണക്കിന് സ്ത്രീകളെ 'ലക്ഷപതി ദീദി'മാരാക്കി മാറ്റുമെന്നും പി.എം. ആവാസ് യോജനപ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുമെന്നും മോദി വാഗ്ദാനം ചെയ്തു.

ആദ്യഘട്ട വോട്ടെടുപ്പിന് മുൻപ് നൽകിയ ആറ് ഗ്യാരന്റികളും പ്രധാനമന്ത്രി ആവർത്തിച്ചു. തൃണമൂലിന്റെ ഭയത്തിന്റെ ഭരണത്തിന് പകരം വിശ്വാസത്തിന്റെ ഭരണം കൊണ്ടുവരുമെന്നും അഴിമതിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സംബന്ധിച്ച എല്ലാ ഫയലുകളും വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്നവർ എത്ര ഉന്നതരായാലും അവർ ജയിലിലാകും. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല. കൂടാതെ, ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഉടൻതന്നെ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ 29-നാണ് ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ്. മെയ് 4-ന് വോട്ടെണ്ണും.