മോദിയുടെ സന്ദർശനം; തിരുവനന്തപുരത്ത് അനധികൃത ഫ്ളെക്സ്, BJP-ക്ക് 19 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ, കേസും

#ന്യൂസ് ഡെസ്‌ക്‌
ന​ഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡ്
ന​ഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിവിധ ഇടങ്ങളിലായി ബി.ജെ.പി. സ്ഥാപിച്ച ഫ്‌ളെക്‌സ് ബോർഡുകൾക്ക് 19 ലക്ഷം രൂപ പിഴയിട്ട് കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി. സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയന് കോർപ്പറേഷൻ നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ലംഘിച്ചതിനും നടപ്പാതകളിലടക്കം തടസ്സം സൃഷ്ടിച്ചതിനും കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കരമന ജയന്റെപേരിൽ കേസുമെടുത്തു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. സന്ദർശനത്തിനു മുന്നോടിയായി നഗരത്തിൽ പലയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി മടങ്ങിയിട്ടും ഇവ മാറ്റിയിരുന്നില്ല. പൊതുനിരത്തിൽ ഫ്‌ളെക്‌സ് ബോർഡുകളും കമാനങ്ങളും സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. ഭരിക്കുന്ന കോർപ്പറേഷൻ നടപടിയെടുത്തത്.

ഹൈക്കോടതിനിർദേശം പാലിച്ചാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും കോർപ്പറേഷനിൽനിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും കരമന ജയൻ പറഞ്ഞു.

Content Highlights: Thiruvananthapuram Corporation fines BJP ₹19 Lakh for illegal flex boards installed during PM Modi`s visit, violating High Court orders. Learn more about the legal action and the party`s response.