'കപ്പൽഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം'; ചർച്ച നടത്തി മോദിയും സൗദി കിരീടാവകാശിയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ചർച്ച നടത്തി. ഒരു മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യയിലെ യുദ്ധത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.
മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുളള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി മുഹമ്മദ് ബിൻ സൽമാനുമായുളള സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞതായി മോദി എക്‌സിൽ കുറിച്ചു.
സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെയും കപ്പൽപാതകൾ തുറന്നും സുരക്ഷിതമായും നിലനിർത്തേണ്ടതിന്റെയും ആവശ്യകതയിൽ തങ്ങൾ യോജിച്ചതായും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും പിന്തുണയ്ക്ക് നന്ദി പറഞ്ഞതായും മോദി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ സാമ്പത്തികരംഗത്തും ഊർജ മേഖലയിലും വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ചർച്ച നടന്നത്.