പ്രധാനമന്ത്രി നാളെ തലസ്ഥാനത്ത്; സമ്പൂർണ നഗരവികസന രേഖ അവതരിപ്പിക്കാൻ ബിജെപി

#സ്വന്തം ലേഖകൻ
2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിനെത്തിയപ്പോൾ | Photo: ANI
2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിനെത്തിയപ്പോൾ | Photo: ANI

തിരുവനന്തപുരം: തലസ്ഥാന നഗരവികസനത്തിനു സമ്പൂർണ വികസനരേഖയുമായി ബിജെപി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറുന്നത് തലസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന വികസന പദ്ധതിയായിരിക്കുമെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തലസ്ഥാന മെട്രോമുതൽ വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനംവരെയുള്ള കാര്യങ്ങൾ ഇതിലുണ്ടാകും.

ജലസ്രോതസ്സുകൾക്ക് പദ്ധതി

ഗംഗാനദി ശുചീകരിച്ച മാതൃകയിൽ കരമന നദി, കിള്ളിയാർ, തെറ്റിയാർ തുടങ്ങിയവ ശുദ്ധീകരിച്ച് സംരക്ഷിക്കുക, തലസ്ഥാന നഗരത്തിനനുയോജ്യമായ തരത്തിൽ മാലിന്യസംസ്‌കരണപദ്ധതി നടപ്പാക്കുക, ഇതിനു കേന്ദ്രീകൃത പ്ലാന്റുകളും വികേന്ദ്രീകൃത പ്ലാന്റുകളും അടങ്ങുന്ന പദ്ധതി തുടങ്ങിയവ ആലോചനയിലുണ്ട്. സ്മാർട്സിറ്റി പദ്ധതിയുടെ രണ്ടാംഘട്ടം ഖരമാലിന്യ സംസ്‌കരണത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പൂന്തുറ, ഹാർബർ വാർഡുകളിൽ സ്റ്റേഡിയങ്ങൾ നിർമിക്കാൻ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിക്കാമെന്ന് കഴിഞ്ഞദിവസം മേയർ കൗൺസിലർമാരോടു പറഞ്ഞിരുന്നു. കേരളത്തിൽനിന്നുള്ള ജോർജ് കുര്യനാണ് ഈ വകുപ്പുമന്ത്രി.

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ബാലരാമപുരം ഭൂഗർഭപാതയും തലസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. തീരദേശ വികസനം, കഴക്കൂട്ടം കേന്ദ്രമായ ഐടി വികസനം, ആത്മീയ ടൂറിസം, മെഡിക്കൽ ടൂറിസം എന്നിവയിലെല്ലാം തലസ്ഥാനത്തിന് ഏറെ പ്രതീക്ഷയുണ്ട്.ഇതിൽ ഭൂരിഭാഗം പദ്ധതികളും കേന്ദ്രവും സംസ്ഥാനവും കോർപ്പറേഷനും ഒരുമിച്ച് നടപ്പാക്കേണ്ടതാണ്. 2030-ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ മൂന്ന് പ്രമുഖ നഗരങ്ങളിലൊന്നാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.

ഓൺട്രപ്രനേർഷിപ്പ് ഹബ്, ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന ഇനവേഷൻ ടെക്‌നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ് പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണു ചടങ്ങ്.

പദ്ധതി യാഥാർഥ്യമാകുമ്പോൾ ലൈഫ് സയൻസ്, ഇനവേഷൻ മേഖലകളിൽ തലസ്ഥാനത്ത് സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സിഎസ്ഐആർ നിയന്ത്രണത്തിലുള്ള പദ്ധതി ലൈഫ് സയൻസ് മേഖലയിലെ ഡീപ്-ടെക് ഇനവേഷൻ, സാങ്കേതികവിദ്യ കൈമാറ്റം, സംരംഭകത്വം എന്നിവയ്ക്കുള്ള ദേശീയ കേന്ദ്രമായി രൂപകല്പന ചെയ്തതാണ്.

ആയുർവേദ ഗവേഷണത്തിലെ ഉന്നതകേന്ദ്രം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, കയർ-റബർ സാങ്കേതികവിദ്യകൾ, സുസ്ഥിര പാക്കേജിങ്, ബയോമാനുഫാക്ചറിങ്, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകൾക്കും പ്രത്യേക ശ്രദ്ധ നൽകും.

Content Highlights: PM Narendra Modi visits Trivandrum to launch a comprehensive city development blueprint. Discover plans for metro, Vizhinjam, waste management, and more.