കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ച് പ്രധാനമന്ത്രിയെത്തി; മോദിയെ കാണാന്‍ കൊച്ചിയില്‍ ആയിരങ്ങള്‍ | VIDEO

കേരളീയ വസ്ത്രത്തില്‍ മോദി കൊച്ചിയില്‍ | ANI
കേരളീയ വസ്ത്രത്തില്‍ മോദി കൊച്ചിയില്‍ | ANI

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത് കേരളീയ വേഷം ധരിച്ച്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞാണ് മോദിയെത്തിയത്. നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങുന്നതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. രണ്ടുദിവസത്തെ കേരളസന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തിയിട്ടുള്ളത്. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്.

പെരുമാന്നൂര്‍ ജങ്ഷന്‍മുതല്‍ തേവര കോളേജുവരെയാണ് റോഡ്‌ഷോ. കോളേജ് ഗ്രൗണ്ടിലാണ് യുവം-23 പരിപാടി.

രാത്രി താജ് മലബാറില്‍ താമസിക്കുന്ന മോദി അവിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്ളാഗ്ഓഫ് ചെയ്യും. 11 -ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.

12 -ന് ദാദ്രനഗര്‍ഹവേലിയിലേക്ക് പോകും.
 

Content Highlights: pm modi in kochi kerala visit