കളിക്കിടെ അബദ്ധത്തിൽ കമ്പികൊണ്ട് അടിയേറ്റു: കുമളിയിൽ പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്; ഐസിയുവിൽ

#സ്വന്തം ലേഖകൻ
എഐ നിർമ്മിത പ്രതീകാത്മക ചിത്രം | Photo: Chat Gpt
എഐ നിർമ്മിത പ്രതീകാത്മക ചിത്രം | Photo: Chat Gpt

ഇടുക്കി: കളിക്കിടെ അബദ്ധത്തിൽ വിദ്യാർഥിക്ക് കമ്പികൊണ്ട് അടിയേറ്റു. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ ശരണിനാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിൽ ഗുരുതരമായി പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കുമളി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കെട്ടിടത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമൊത്ത് ഫുട്ബോൾ കളിച്ചശേഷം സമീപത്തെ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നതിനിടെ, മുന്നിൽ നടന്നിരുന്ന സുഹൃത്ത് നിലത്തു കിടന്നിരുന്ന ഇരുമ്പു കമ്പി എടുത്ത് വീശിയപ്പോൾ ശരണിന്റെ തലയ്ക്ക് കൊള്ളുകയായിരുന്നു.

കമ്പികൊണ്ട് ആഴത്തിൽ മുറിവേറ്റ് മുഖത്തും തലയിലും രക്തം വാർന്ന നിലയിലായിരുന്നു ശരൺ. അപകടം കണ്ട് ഭയചകിതരായ കൂട്ടുകാർ നിലവിളിച്ച് ആളെക്കൂട്ടുകയും, നാട്ടുകാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ശരണിനെ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ വിദ്യാർഥി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കുമളി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂട്ടുകാർ തമാശയായി കമ്പികൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ പരുക്കേറ്റതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ എന്താണ് നടന്നതെന്ന് കൃത്യമായി വ്യക്തമാകൂ എന്ന് കുമളി പോലീസ് അറിയിച്ചു.