കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു; സംഭവം കോഴിക്കോട്ട്

പെരുമണ്ണ (കോഴിക്കോട്): കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. പെരുമണ്ണ കുറങ്ങോട്ടുമ്മൽ ഷഹൽ ഷാ (17) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. അതിനിടയിലാണ് ഒന്നരയാൾ താഴ്ചയുള്ള കുളത്തിൽ മുങ്ങിപ്പോയത്.
കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചതോടെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെത്തിച്ചു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പെരുമണ്ണ കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്തമകനായ ഷഹൽ ഷാ പെരുമണ്ണ ഇഎംഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
അപകടം നടന്ന കുളം അടുത്തകാലത്താണ് നവീകരിച്ച് ആഴവും വീതിയും കൂട്ടിയത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ദിവസവും ഇവിടെ കുളിക്കാൻ എത്താറുള്ളത്.
Content Highlights: 17-year-old Plus Two student Sahal Sha drowned in a pond at Perumanna, Kozhikode., The incident occurred on Saturday noon while bathing with friends., Locals tried rescue efforts and rushed him to Kozhikode Medical College, but he could not be saved., The pond had been recently renovated and deepened.