'പ്ലാസ്റ്റിക് അരുത്' അറിയിപ്പില്‍ മാത്രം; ഇരുമുടിക്കെട്ടിലൂടെയും സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍ കണക്കിന്

#പ്രിൻസ് മാത്യു തോമസ്
പ്രതീകാത്മക ചിത്രം | Photo: mathrubhumi
പ്രതീകാത്മക ചിത്രം | Photo: mathrubhumi

ശബരിമല: പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുള്ള ശബരിമലയില്‍ ഇരുമുടിക്കെട്ടിലൂടെയും തോള്‍സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍കണക്കിന് പ്ലാസ്റ്റിക്. ഇത് നിയന്ത്രിക്കാന്‍ പ്രചാരണം നടത്തേണ്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെയ്യുന്നത് പരിമിതമായ കാര്യങ്ങള്‍ മാത്രം.

മലകയറി സന്നിധാനത്ത് എത്തുന്നവരോട് ഉച്ചഭാഷിണിയിലൂടെ പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണം നടത്തുന്ന വിചിത്രരീതിയാണ് ഇപ്പോഴുള്ളത്. സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് വിരുദ്ധ വീഡിയോ പ്രചാരണങ്ങള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുമെന്ന് കഴിഞ്ഞവര്‍ഷം ദേവസ്വം പറഞ്ഞിരുന്നതാണ്. അതുണ്ടായില്ല.

തീര്‍ഥാടകന്റെ മനസ്സിലേക്ക് ചെല്ലുന്ന പ്രചാരണമില്ലാത്തതിനാല്‍, പ്ലാസ്റ്റിക് നിരോധനമെന്നത് തമാശയായി മാറി. മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, സാമ്പ്രാണി, അവല്‍, മലര്‍, കല്‍ക്കണ്ടം, ശര്‍ക്കര ഉള്‍പ്പെടെയുള്ള പൂജാസാധനങ്ങളും ഭക്ഷ്യവസ്തുക്കളും ഇപ്പോഴും കൊണ്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇതോടൊപ്പം വലിച്ചെറിയുന്ന കുപ്പികളും സഞ്ചികളും തുണികളും ശബരിമലയെ മലിനമാക്കുന്നു.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പൂജാസാധനങ്ങളും പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും ശബരിമലയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് തന്ത്രി നിര്‍ദേശിച്ചിരുന്നു. പിന്നാലെ, ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തടഞ്ഞ് ബോര്‍ഡ് സര്‍ക്കുലറും ഇറക്കിയതാണ്. എന്നാല്‍, മറ്റു ക്ഷേത്രങ്ങളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വരുന്നവർ ഇതൊന്നും പാലിക്കുന്നില്ല.

ന്നിധാനത്ത് മാളികപ്പുറത്തിനും നാഗക്ഷേത്രങ്ങള്‍ക്കും സമീപമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതലായുള്ളത്. 20 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വരെ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് പാണ്ടിത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ മണിക്കൂറില്‍ 700 ടണ്‍വരെ സംസ്‌കരിക്കാം. എന്നാല്‍, ഇതിന്റെ ഇരട്ടിയോളം മാലിന്യങ്ങളാണ് സന്നിധാനത്ത് എത്തുന്നത്.

Content Highlights: Sabarimala`s plastic ban is bypassed. Despite rules, tons of plastic bags, bottles & more enter via pilgrims` luggage. Learn more about the ineffective measures.