'പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല'; ദിവാകരനെ ഒഴിവാക്കിയതിൽ കോഴിക്കോട് സിപിഎമ്മിൽ പ്രതിഷേധമൊഴിയുന്നില്ല

പി.കെ. ദിവാകരന്‍, മണിയൂരിലെ പ്രതിഷേധം | Photo: Special Arrangement
പി.കെ. ദിവാകരന്‍, മണിയൂരിലെ പ്രതിഷേധം | Photo: Special Arrangement

കോഴിക്കോട്: സി.പി.എം. ജില്ലാകമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം തുടരുന്നു. ബുധനാഴ്ച വടകര മണിയൂര്‍ പഞ്ചായത്തിലെ സി.പി.എം. ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് പ്രതിഷേധമുണ്ടായത്. മുടപ്പിലാവില്‍ സെന്റററില്‍ 25 പേരിലധികം വരുന്ന ചെറുപ്പക്കാര്‍ ദിവാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. വടകരയിലെ തിരുവള്ളൂരും സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

'തെറ്റില്ലാത്ത മനുഷ്യരില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍, തെറ്റുതിരുത്തുക കൂടെച്ചേരുക. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല. കുടിപ്പക വെച്ചുപുലര്‍ത്താതെ ഒന്നിച്ചൊന്നായ് മുന്നോട്ട്', എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധിച്ചവര്‍ മുഴക്കിയത്.

മണിയൂര്‍ പഞ്ചായത്തിലെ പാലയാട് കഴിഞ്ഞദിവസം അണികള്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അന്‍പതോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. തുറശ്ശേരി മുക്കില്‍നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടെ പാര്‍ട്ടി അംഗത്വം പുതുക്കലിനോടും പ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ നീക്കമുണ്ടെന്ന് വിവരമുണ്ടായിരുന്നു.

ദിവാകരനെ ഒഴിവാക്കിയതിനെതിരേ സംസ്ഥാനനേതൃത്വത്തിന് വടകര മേഖലയില്‍നിന്നും ജില്ലയുടെ മറ്റുഭാഗങ്ങളില്‍നിന്നും പരാതികള്‍ പ്രവഹിക്കുന്നുണ്ട്. കത്തായും ഇ- മെയിലായും വാട്‌സാപ്പ് സന്ദേശമായും ഒട്ടേറപ്പേര്‍ പരാതി അയച്ചിരുന്നു. സംസ്ഥാനനേതാക്കളെ വിളിച്ചും ചിലര്‍ പ്രതിഷേധം അറിയിച്ചു.

വടകരയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയതില്‍ അതൃപ്തി രേഖപ്പെടുത്തിയും പി.കെ. ദിവാകരന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഒഴിവാക്കാന്‍ മതിയായ കാരണങ്ങളല്ല ചൂണ്ടിക്കാട്ടിയതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

വടകരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും ദിവാകരന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷം നടന്ന ജില്ലാ സമ്മേളനത്തില്‍ ദിവാകരനെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ പി.കെ. ദിവാകരന്‍ ഉള്‍പ്പെടെ 11 പേരെയാണ് ഒഴിവാക്കിയത്. 13 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Protests erupt in Kozhikode after PK Divakaran`s removal from CPM district committee