കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ചാത്തൻമാസ്റ്ററെ ‘ഏറ്റെടുത്ത്’ ബിജെപി; സ്മൃതിസംഗമം സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച

#എം.ബി. ബാബു
പി.കെ. ചാത്തൻ മാസ്റ്റർ
പി.കെ. ചാത്തൻ മാസ്റ്റർ

1957-ൽ കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പി.കെ. ചാത്തൻ മാസ്റ്ററുടെ സ്മൃതിസംഗമം വിപുലമായി സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച. ചാത്തൻമാസ്റ്ററുടെ നാടായ ഇരിങ്ങാലക്കുടയിൽ ഈ മാസം അവസാനമാണ് പരിപാടി. കേരളത്തിലെ പട്ടികജാതിക്കാരായ സാമൂഹിക നവോത്ഥാന നായകരെ ഇടതുപക്ഷം അവഗണിക്കുന്നെന്ന പ്രചാരണം നടത്താനും മോർച്ച ലക്ഷ്യമിടുന്നുണ്ട്. ചാത്തൻ മാസ്റ്ററെ പോലുള്ള നവോത്ഥാന നായകരെ അനുസ്മരിക്കുന്ന ചടങ്ങ് ജില്ലകൾ തോറും നടത്താനും പരിപാടിയുണ്ട്.

ജാതിവർണ വിവേചനത്തിനെതിരേ പോരാടിയ കേരളത്തിലെ നവോത്ഥാന നായകരിൽ ഒരാളായ കാവാരികുളം കണ്ടൻ കുമാരൻ അനുസ്മരണവും പട്ടികജാതി മോർച്ച വിപുലമായി സംഘടിപ്പിച്ചിരുന്നു. കേരള പുലയ മഹാസഭാ സ്ഥാപകൻ കൂടിയായ ചാത്തൻ മാസ്റ്ററെ ഇടതുപക്ഷം മറന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പോലുമില്ലെന്നതെന്ന പ്രചാരണം ബി.ജെ.പി. വ്യാപകമായി നടത്തുന്നുണ്ട്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പലർക്കും സ്മാരകങ്ങളും പ്രതിമകളും ഉയർന്നു. അതിൽ മിക്കവരും സവർണരാണ്.

പീച്ചിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള 60 ഏക്കറിൽ ചാത്തൻ മാസ്റ്ററുടെ പേരിൽ ലോ കോളേജ് സ്ഥാപിക്കണം എന്ന ആവശ്യം ഇടതുപക്ഷ സർക്കാർ അവഗണിച്ചെന്നുമാണ് പട്ടികജാതി േമാർച്ചയുടെ ആരോപണം. ഇ.എം.എസ്. മന്ത്രിസഭയിൽ പട്ടികജാതി വകുപ്പ് മന്ത്രിയായിരുന്ന ചാത്തൻ മാസ്റ്ററോട് ഇടതുപക്ഷം ഇപ്പോഴും ദളിത് വിവേചനം കാണിക്കുന്നുവെന്നാണ് പട്ടികജാതി മോർച്ചയുെട പ്രധാന ആരോപണം.

ഇടതുപക്ഷം വിട്ട് ബി.ജെ.പി.യിലേക്ക് സി.പി.െഎ.യുടെ ദളിതരായ രണ്ട് മുൻ എം.എൽ.എ.മാർ എത്തിയതോടെയാണ് ഇടതുപക്ഷക്കാരായ ദളിതരിലേക്ക് ഇറങ്ങാൻ ബി.ജെ.പി. തീരുമാനിച്ചത്. മുൻ വൈക്കം എം.എൽ.എ. കെ. അജിത്ത്, മുൻ നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ എന്നിവരാണ് പാർട്ടി വിട്ട് ബി.ജെ.പി.യിൽ ചേർന്നത്. പട്ടികജാതി മോർച്ച സംസ്ഥാന സഹ പ്രഭാരിയാണ് െക. അജിത്ത്. സാധാരണ അംഗമായ സി.സി. മുകുന്ദനെ ദേശീയ നിർവാഹകസമിതി അംഗമാക്കണമെന്ന ശുപാർശ സംസ്ഥാന നേതൃത്വം അയച്ചിട്ടുണ്ട്.

ബി.ജെ.പി. ചാത്തൻ മാസ്റ്ററിലേക്ക് അടുക്കാൻ ശ്രമിക്കുന്നു എന്ന വിവരമറിഞ്ഞ് സെപ്റ്റംബർ 13-ന് സി.പി.െഎ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ദേഹത്തിന്റെ മാടായിക്കോണത്തെ വീട്ടിലെത്തിയിരുന്നു.

Content Highlights: Scheduled Caste Morcha is organizing a large memorial event for 1957 minister PK Chathan Master in Iringalakuda., BJP accuses the Left government of neglecting Dalit renaissance leaders like Chathan Master and failing to build a memorial., Two former CPI Dalit MLAs, K. Ajith and C.C. Mukundan, recently joined the BJP, shifting political dynamics., CPI State Secretary Binoy Viswam visited Chathan Master's home amid BJP's outreach efforts.