കാപിറ്റൽ പണിഷ്മെന്റ്: 'സത്യമറിയാൻ മിനിറ്റ്സ് പരിശോധിച്ചാൽ മതി'- ഗോവിന്ദന് പിരപ്പൻകോടിന്റെ മറുപടി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ കാപിറ്റല്‍ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് സംസ്ഥാനസമ്മേളനത്തില്‍ ഉയര്‍ന്ന അഭിപ്രായം പരസ്യമാക്കിയതില്‍ മുതിര്‍ന്ന നേതാവ് പിരപ്പന്‍കോട് മുരളിക്കെതിരേ സൈബര്‍ അധിക്ഷേപം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞദിവസം പിരപ്പന്‍കോടിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. മുരളി പറയുന്നത് തോന്ന്യാസമാണെന്നും അസംബന്ധമാണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
ഗോവിന്ദന് മറുപടിയുമായി പിരപ്പന്‍കോടും രംഗത്തുവന്നു. താന്‍ പറയുന്നത് തോന്ന്യാസമാണെങ്കില്‍, എം.വി. ഗോവിന്ദന് പാര്‍ട്ടി സമ്മേളനത്തിന്റെ മിനിറ്റ്സ് പരിശോധിച്ചുനോക്കാമെന്ന് പിരപ്പന്‍കോട് പറഞ്ഞു. സിപിഎമ്മുമായി ആത്മബന്ധമുള്ള ഒരാളെന്നനിലയില്‍ അതിന്റെ സെക്രട്ടറിയെ ചോദ്യംചെയ്യാന്‍മാത്രം താന്‍ ശക്തനല്ല. എങ്കിലും ചിലകാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു എന്ന മുഖ്യവുരയോടെയായിരുന്നു പിരപ്പന്‍കോടിന്റെ മറുപടി.
താന്‍ പുസ്തകമെഴുതി അതിന്റെ പ്രചാരത്തിനായി ആരുടെയോ കൂലിക്കുവേണ്ടി സംസാരിക്കുന്നുവെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. കൃഷ്ണപ്പിള്ള, ഇഎംഎസ്, എകെജി, നായനാര്‍ എന്നിവരെക്കുറിച്ചെല്ലാം താന്‍ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിന് പുസ്തകങ്ങളെഴുതുന്നത് പണംസമ്പാദിക്കാനാണെന്നു കരുതുന്നുണ്ടെങ്കില്‍ ബാങ്ക് ബാലന്‍സ് പരിശോധിക്കാം. അധികമായി നേടിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് സംഭാവനചെയ്യാം. തന്റെ മാന്യതയും വിശ്വാസ്യതയും ചോദ്യംചെയ്യരുതെന്ന് അപേക്ഷയുണ്ട്. എം.വി. ഗോവിന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മാന്യതകാണിക്കണം -പിരപ്പന്‍കോട് പറഞ്ഞു.
തിരുവനന്തപുരം സമ്മേളനത്തില്‍ വി.എസിനെ കാപിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ല -പിരപ്പന്‍കോട് പറഞ്ഞു.
Content Highlights: pirappancode murali reply to mv govindan over capital punishment controversy