പൂട്ടൽ ഭീഷണിയിൽ പിണറായി ഹൈടെക് വീവിങ് മിൽ; ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ, സമരവുമായി CITU

പിണറായി ഹൈടെക് വീവിങ് മില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സ്റ്റൈല്‍ മില്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം
പിണറായി ഹൈടെക് വീവിങ് മില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സ്റ്റൈല്‍ മില്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം

പിണറായി: പൊതുമേഖലാ സ്ഥാപനമായ പിണറായി ഹൈടെക് വീവിങ് മില്ലിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസമായി. മൂന്നുവർഷമായി തൊളിലാളികളുടെതായും മാനേജ്മെൻറ് വിഹിതമായും അടയ്ക്കാനുള്ള ഒരുകോടിയോളം രൂപയുടെ പിഎഫ് വിഹിതവും മുടങ്ങിക്കിടക്കുകയാണ്. ഇതോടെയാണ് പ്രത്യക്ഷ പ്രതിഷേധവുമായി സിഐടിയു സമരരംഗത്തെത്തിയത്.

മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും ഉൾപ്പെടെ നേരിൽക്കണ്ട് ഒന്നിലധികം തവണ നിവേദനം നൽകിയെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതോടെയാണ് ടെക്സ്റ്റൈൽ മിൽവർക്കേഴ്സ് യൂണിയൻ (സിഐടിയു) സമരവുമായി മുന്നോട്ടുവന്നത്. നിലവിൽ സ്ത്രീകൾ ഉൾപ്പെടെ 70 ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. എഴുത്തുപരീക്ഷയും അഭിമുഖവും ഉൾപ്പെടെ കഴിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിയമനം നേടിയവരാണ് ഇവരിൽ പലരും.

സർക്കാരിന് വിവിധ വകുപ്പുകളിലേക്ക് 23 ലക്ഷം മീറ്റർ തുണി ആവശ്യമുണ്ടെന്നാണ് കണക്ക്. ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് തുണി വാങ്ങുന്നത് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 2019-ൽ അന്നത്തെ വ്യവസായമന്ത്രി ഇ.പി. ജയരാജനാണ് ടെക്സ്റ്റെൽ കോർപ്പറേഷന്റെ കീഴിലുള്ള പിണറായി-കിഴക്കുംഭാഗത്തെ മിൽ ഉദ്ഘാടനം ചെയ്തത്.

പ്രതിസന്ധി ഉടൻ പരിഹരിക്കണം-സിഐടിയു

പൊതുമേഖലാ സ്ഥാപനമായ ഹൈടെക് വീവിങ് മില്ലിലെ തൊഴിൽ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി.

വേതനകുടിശ്ശിക അനുവദിക്കുക, ടെക്സ്റ്റൈൽ കോർപ്പറേഷന്റെ ഹൈടെക് വീവിങ് മില്ലിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.

ടെക്സ്റ്റെൽ മിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി കെപി. അശോകൻ ഉദ്ഘാടനം ചെയ്തു. സിഐടിയു പിണറായി ഏരിയാ പ്രസിഡൻറ് കെകെ. രാജീവൻ, സി. ഷൈജേഷ് എന്നിവർ സംസാരിച്ചു.

Content Highlights: pinarayi weaving mill citu protests