മുസ്ലീം വോട്ടുകൾക്കായി സനാതനധർമത്തെ അവഹേളിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ ബിജെപി വക്താവ്

പിണറായി വിജയൻ,ഷെഹ്സാദ് പൂനെവാല | Photo: Mathrubhumi,ANI
പിണറായി വിജയൻ,ഷെഹ്സാദ് പൂനെവാല | Photo: Mathrubhumi,ANI

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല. മുസ്ലീം വോട്ടുകള്‍ക്കായി മുഖ്യമന്ത്രി സനാതന ധര്‍മത്തെ അവഹേളിക്കുകയാണെന്ന് ഷെഹ്‌സാദ് ആരോപിച്ചു. 

പുതുവര്‍ഷമാരംഭിച്ചിട്ടും ചിന്താഗതിക്ക് മാറ്റമൊന്നുമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന ചിന്തയിലാണ് ഇടതുപക്ഷം. ഹിന്ദു വിശ്വാസത്തെയും സനാതന ധര്‍മത്തെയും മറ്റേതെങ്കിലും മതത്തിനെതിരെ പറയാന്‍ ഇവര്‍ ധൈര്യം കാണിക്കുമോ എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഷെഹ്‌സാദ് പൂനെവാല നടത്തിയ പരാമര്‍ശം. ഇതേ വിമര്‍ശനം വീണ്ടുമാവര്‍ത്തിക്കുകയാണ് പൂനെവാല. മുഖ്യമന്ത്രി പിണറായി വിജയന്‍ സനാതന ധര്‍മത്തെ അപമാനിക്കുകയാണ്. പ്രീണിപ്പിച്ച്‌ മുസ്ലീം വോട്ടുകള്‍ നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം- പൂനെവാല പറഞ്ഞു. 

ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി സനാതനധര്‍മത്തെ കുറിച്ച് പറഞ്ഞതിനെതിരെയായിരുന്നു പൂനെവാലയുടെ വിമര്‍ശനം. സനതനധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരയണഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. സനാതനധർമം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതനധർമത്തിന്റെ വക്താവാകും? -പിണറായി വിജയൻ ചോദിച്ചു.

Content Highlights: BJP Spokesperson Shehzad Poonawalla Criticises Pinarayi Vijayan`s Remarks on Sanatana Dharma