പാർട്ടിക്ക് എന്ത് നിയമം? പിണറായി സഞ്ചരിച്ച പാർട്ടി സെക്രട്ടറിയുടെ കാറിന് 18 പിഴ നോട്ടീസ് | Video

#ബി. അജിത് രാജ്
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ മുൻസീറ്റിൽ യാത്ര ചെയ്യുന്ന ചിത്രം. ഗതാഗതവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞത്
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ മുൻസീറ്റിൽ യാത്ര ചെയ്യുന്ന ചിത്രം. ഗതാഗതവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞത്

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം തലസ്ഥാനത്തെത്തിയ പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തിച്ച പാർട്ടി സെക്രട്ടറിയുടെ കാറിന് നാടൊട്ടുക്ക് ഗതാഗത നിയമലംഘനത്തിന് പിഴ. കെ.എൽ.01 സി.ആർ. 4291 ഇന്നോവ ക്രിസ്റ്റയ്ക്ക് 2023-ന് ശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 18 തവണ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ ഒന്നുപോലും അടച്ചിട്ടില്ല.

വിവിധ കേസുകളിലായി 13,750 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ പിഴയടയ്ക്കാത്തതിനാൽ രണ്ടു കേസുകൾ കോടതിക്ക് കൈമാറിയിട്ടുമുണ്ട്.

പിഴക്കുടിശ്ശിക തീർപ്പാക്കാൻ സ്വന്തം സർക്കാർ പ്രഖ്യാപിച്ച ഇളവും പാർട്ടി വിനിയോഗിച്ചിട്ടില്ല. മുൻസീറ്റ് യാത്രികൻ സീറ്റ്‌ബെൽറ്റ് ഉപയോഗിക്കാത്തതിനാണ് ഈ വാഹനം എ.ഐ. ക്യാമറയ്ക്ക് മുന്നിൽ കൂടുതൽ കുടുങ്ങിയിട്ടുള്ളത്. ഇതിന് 12 തവണയാണ് 500 രൂപവീതം ഗതാഗതവകുപ്പ് പിഴ ചുമത്തിയത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സീറ്റ്‌ബെൽറ്റ് ധരിക്കാതെ കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്ന ചിത്രവും ഗതാഗതവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അമിത ശബ്ദമുണ്ടാക്കുംവിധം നാലു ഹോണുകൾ ഘടിപ്പിച്ചതിന് 2023-ൽ മോട്ടോർ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. ഇതുവരെയും ഈ ഹോണുകൾ നീക്കം ചെയ്തിട്ടില്ല. ശബ്ദമലിനീകരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇവ നീക്കം ചെയ്യാൻ മോട്ടോർവാഹനവകുപ്പ് രേഖാമൂലം നിർദേശം നൽകിയിട്ടില്ല.

ചില്ലുകളിൽ കാഴ്ച മറയ്ക്കുംവിധം കട്ടികൂടിയ കറുത്തഫിലിം പതിച്ചതിനും സിഗ്‌നൽ ലംഘിച്ചതിനും കേസുണ്ട്. 2025 ജനുവരിയിൽ കോവളം-കാരോട് ദേശീയപാതയിൽ യു.എസ്.ടി ജങ്ഷന് സമീപം 120 കിലോമീറ്റർ വേഗത്തിൽ പോയതിനും പിഴ ചുമത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസ്. 2025 ഓഗസ്റ്റിൽ കിളിമാനൂർ-കൊട്ടാരക്കര റോഡിൽ അമിതവേഗത്തിൽ പാഞ്ഞതിനും കേസുണ്ട്.

Content Highlights: Vehicle KL-01-CR-4291 has 18 pending traffic violations., Total unpaid fines amount to ₹13,750., Violations include seatbelt non-compliance, excessive speeding, and illegal window tinting., Two cases have been forwarded to court due to non-payment., Multiple AI camera detections recorded since 2023.