‘56 അകമ്പടി വാഹനങ്ങളും 560 പോലീസുകാരും ഉണ്ടായിരുന്നില്ല’; മേജർ രവിയെ തള്ളി പിണറായിയുടെ ഓഫീസ്

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ, മേജർ രവി | Photo: മാതൃഭൂമി
പിണറായി വിജയൻ, മേജർ രവി | Photo: മാതൃഭൂമി

തിരുവനന്തപുരം: മേജർ രവിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ്. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാനെത്തിയത് 55 വാഹനങ്ങളുടേയും 560 പോലീസിന്റെയും അകമ്പടിയോടുകൂടിയാണെന്ന മേജർ രവിയുടെ പരാമർശം വിലകുറഞ്ഞ പ്രചരണമാണെന്നും ഇത് അപലപനീയമാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്, 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ഇതുപോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാനരഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുന്നതേയുള്ളൂ. പക്ഷെ, മേജർ രവിയേപ്പോലെ ഒരാൾ ഇത്തരം വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാവിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

നടൻ സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മേജർ രവിയുടെ താരതമ്യം. പിണറായി വിജയൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ എത്തിയത് 56 അകമ്പടി വാഹനങ്ങളും 560 പോലീസും 10 ഫയർഫോഴ്സ് യൂണിറ്റുകളുമായിട്ടായിരുന്നുവെന്നാണ് മേജർ രവി പറഞ്ഞത്.

എന്നാൽ, മേജർരവിയുടെ പരാമർശം തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവും ഒരു പൈലറ്റ് വാഹനവും മാത്രമായിരുന്നു ഇന്നസെന്റിന് അന്തിമോപചാരമർപ്പിക്കാൻ പിണറായി എത്തിയപ്പോൾ ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോകൾ. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം തള്ളിയത്.

Content Highlights: Major Ravi alleged Pinarayi Vijayan used a 560-police escort for Innocent's funeral., Pinarayi Vijayan's office officially denied these claims as factually incorrect., Video evidence confirms only minimal security was present during the visit., The office announced potential legal action against those spreading fake content.