'തസ്തികകൾക്ക് ലക്ഷങ്ങൾ മറിയുന്ന ആ കാലത്തേക്ക് പോകുകയാണോ?'; നിപയെ രാഷ്ട്രീയായുധമാക്കാനില്ല- പിണറായി

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരേ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിപ വ്യാപനം തടയാനുള്ള ഏകോപനത്തിൽ പാളിച്ച പറ്റി. അന്നത്തെ പ്രതിപക്ഷത്തെപ്പോലെ തങ്ങൾ നിപയെ രാഷ്ട്രീയ ആയുധമാക്കിയില്ല. ഒറ്റക്കെട്ടായാണ് നിപയെ പ്രതിരോധിക്കേണ്ടത് എന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിപയെ പ്രതിരോധിക്കുന്നതിനായി എല്ലാ സഹകരണവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അധികൃതരുടേയും ഉത്തരവാദപ്പെട്ടവരുടേയും ഭാഗത്ത് നിന്നുണ്ടാകുന്ന ആശയക്കുഴപ്പമാണ് പ്രധാനപ്രശ്നം. ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടമാണിത്. എന്നാൽ അതിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണ സംവിധാനങ്ങളും സാധാരണനിലക്കുള്ള ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഉത്തരവാദപ്പെട്ട മന്ത്രി ക്യാമ്പ് ചെയ്ത് നടത്തുന്ന രീതിയാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഒരു ജാഗ്രത എവിടേയും കാണാനില്ല. നിപ കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലമാണെന്ന നിലയിലാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്- പിണറായി വിജയൻ പറഞ്ഞു.
പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ നിന്ന്;
ഡിഎച്ച്എസിന്റെ സ്ഥലം മാറ്റം
നിപയുടെ അതീവ ഗൗരവമായ സാഹചര്യം ഉയർന്നുവന്ന ഘട്ടത്തിലാണ് ഡിഎച്ച്എസിനെ മാറ്റുന്നത്. പ്രതിരോധപ്രവർത്തനങ്ങൾക്ക് ഫലപ്രദമായി നേതൃത്വം കൊടുക്കേണ്ടത് ആരോഗ്യവകുപ്പാണ്. അതിന്റെ തലപ്പത്ത് ഇരിക്കുന്ന ആളെ ഇത്തരം ഒരുഘട്ടത്തിൽ മാറ്റുക എന്നത് സാധാരണഗതിയിൽ പ്രതീക്ഷിക്കുന്ന ഒന്നല്ല. സിസ്റ്റത്തോടുള്ള നിസ്സഹകരണം കാരണമാണ് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവർത്തിച്ചു വരുന്ന സംവിധാനം നിലവിലുള്ളതാണ്. അത് തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ അതിന് കൂട്ട് നിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഉണ്ടാക്കിയത്. പത്ത് വർഷം മുമ്പ് സ്ഥലം മാറ്റം നടന്നിരുന്നത് എങ്ങനെ എന്ന് എല്ലാവർക്കും അറിയാം. ചില തസ്തികകൾക്ക് ലക്ഷങ്ങൾ മറിയുന്ന അവസ്ഥയായിരുന്നു. ആ കാലത്തേക്ക് തിരിച്ചു പോകാനാണോ സുതാര്യമായ സംവിധാനങ്ങൾ ഇല്ലാതാക്കുന്നത്?
ഡിഎച്ച്എസിന്റെ കാര്യത്തിൽ ഒരു വർഷം കൂടി നീട്ടി നൽകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചാണ് ഇപ്പോഴത്തെ സ്ഥാനചലനം വന്നിട്ടുള്ളത്. ഇത് മുഖ്യമന്ത്രി കൂടി അറിഞ്ഞാട്ടോ?
നിപക്ക് പുറമെ പലതരത്തിലുള്ള മാരക അസുഖങ്ങൾ കേരളത്തിൽ വരുന്ന അവസ്ഥയാണ്. അതിൽ ഒരുകാര്യം ആരോഗ്യമന്ത്രി പറഞ്ഞത്, പാലക്കാട്ട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നാണ്. എന്നാൽ ഡിഎംഒ അങ്ങനെ ഒന്ന് ഇല്ല എന്നാണ് പറഞ്ഞത്. അപ്പോൾ ആര് പറഞ്ഞതാണ് ശരി?. ഇത്തരംഘട്ടത്തിൽ ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് അടിയന്തരമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആ കാര്യത്തിലും വേണ്ടത്ര പുരോഗതി ഉണ്ടായെന്ന് പറയാൻ പറ്റില്ല. ഷിഗെല്ല രോഗവ്യാപനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കേണ്ട ഘട്ടമാണിത്. കൊതുകുവഴി പകരുന്ന രോഗങ്ങൾ വ്യാപകമാകാൻ ഇടയാകുന്നത് മഴക്കാലപൂർവ്വ ശുചീകരണം വേണ്ടരീതിയിൽ നടക്കാത്തതിന്റെ ഭാഗമായാണ്.
വന്യജീവിയാക്രമണം
വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ അതൊരു സാധാരണ സംഭവമല്ലേ എന്നായിരുന്നു സ്ഥലം എംഎൽഎയുടെ പ്രതികരണം. പ്രതിപക്ഷത്തായിരുന്നപ്പോൾ വന്യജീവിയാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ മേൽ കെട്ടിവെച്ച് വലിയ പ്രചരണമാണല്ലോ നടത്തിയിരുന്നത്. എന്നാൽ വന്യജീവി സംരക്ഷണ ബിൽ ഭേദഗതി ഉൾപ്പെടെ പരിഹാര മാർഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളോട് നിസ്സഹകരിക്കുകയാണ് ചെയ്തത്. അവരിപ്പോൾ പൂർണ്ണമായും യു ടേൺ അടിച്ചിരിക്കുകയാണ്.
ആനകൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ കാടുകളിൽ ഭക്ഷണവും വെള്ളവും അറേഞ്ച് ചെയ്യണമെന്നായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത്. അത്തരം ഉപരിപ്ലവമായ ഉപായം കൊണ്ട് സംസ്ഥാനത്തെ പതിവ് പ്രശ്നമായ വന്യജീവി പ്രശ്നം പരിഹരിക്കാനാകുമോ? എന്തുതന്നെ ചെയ്തിട്ടായാലും ഫലപ്രദമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടായേ തീരു. തമാശ പറച്ചിൽ അവസാനിപ്പിച്ച് ഗൗരവപൂർണമായ സമീപനം സ്വീകരിക്കാൻ തയ്യാറാകണം. നഷ്ടപരിഹാരത്തുക, തങ്ങൾ നൽകിയ വാഗ്ദാനം പാലിക്കാൻ തയ്യാറുണ്ടോ എന്നതും നാടിനോട് പറയുന്നത് നന്നാവും. കർഷകർ നേരിടുന്ന കൃഷിനാശത്തിനുള്ള പരിഹാരവും കാണേണ്ടതുണ്ട്.
എം.ജി. സർവകലാശാലയിലെ താൽക്കാലിക വി.സി. നിയമനം
എംജി സർവകലാശാലയിലെ താൽക്കാലിക വി.സി. നിയമനത്തിൽ ഗവർണറുടെ സമീപനത്തിൽ യുഡിഎഫ് സർക്കാർ എന്ത് നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെയാണ് എംജി സർവകലാശാല വിസിയായി നിയമിച്ചിരിക്കുന്നത്. ഇതിനെ എതിർക്കാൻ തയ്യാറായില്ല. മാത്രമല്ല, സെനറ്റിൽ 19 സംഘപരിവാറുകാരേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം വന്നാൽ സർക്കാരാണ് എതിർക്കേണ്ടത്. എന്നാൽ സർക്കാരോ യുഡിഎഫ് രാഷ്ട്രീയ നേതൃത്വമോ അതിന് തയ്യാറായിട്ടില്ല. ഗവർണറുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനുമില്ല എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
ഗവർണറുടെ നിലപാട് ആർഎസ്എസിന് വേണ്ടിയുള്ള നിലപാടാണ്. അതിന് മുമ്പിലുള്ള പൂർണ്ണമായ കീഴടങ്ങലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നു- പിണറായി വിജയൻ പറഞ്ഞു.
Content Highlights: Pinarayi Vijayan emphasizes non-politicization of the Nipah crisis., Criticism regarding the lack of coordination within the Health Department., Concerns raised over the controversial transfer of the DHS., Allegations of government failure in addressing wildlife attacks in Wayanad., Criticism of UDF's stance on MG University VC appointment and RSS influence.