'ലേബർ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താൻ, നിയമനിർമാണത്തിന് LDF സർക്കാരിന് സമയം കിട്ടിയില്ല’

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നതെന്നും പിണറായി പറഞ്ഞു. ലേബർ കോഡ് തൊഴിലാളികളുടെ അവകാശത്തെ ബാധിക്കാത്ത രീതിയിൽ നടപ്പാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നു. ഇതിന് ഫെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമ്മാണം നടത്താമെന്നും എൽഡിഎഫ് സർക്കാർ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അത് നടപ്പിലാക്കാൻ സാധിച്ചില്ലെന്നും പിണറായി വിജയൻ വിശദീകരിച്ചു.
പ്രതിപക്ഷ നേതാവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം...
കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ല. ലേബർ കോഡ് വിഷയത്തിലെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവൽഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൻഡിഎ സർക്കാർ നയങ്ങളെ അതേപടി പിൻപറ്റുന്നത്.
അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാർലമെന്റിൽ ലേബർ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂർണ്ണമായും കോർപറേറ്റ് താൽപ്പര്യങ്ങൾ നടപ്പാക്കാനായാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് അന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്.
ലേബർ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എൽഡിഎഫ് സർക്കാർ 2026 ജനുവരി 22 ന് നിയമിക്കുകയുണ്ടായി. കമ്മീഷൻ 2026 മാർച്ച് 5 ന് ഫെബ്രുവരിയിൽ റിപ്പോർട്ട് കൈമാറുകയും ചെയ്തു. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിർമ്മാണം നടത്താമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
കമ്മീഷൻ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയാതെ പോയി.
ഗോപാൽ ഗൗഡ കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാൽ കമ്മീഷൻ റിപ്പോർട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്. ലേബർ കോഡിലെ ഒന്നോ രണ്ടോ നിർദേശങ്ങളിൽ മാത്രമാണ് പ്രശ്നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉൾപ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബർ കോഡ് വിഷയത്തിലും മുഖ്യമന്ത്രിയിൽ കാണാൻ കഴിയുന്നത്
Content Highlights: Pinarayi Vijayan criticized the Kerala CM's sudden announcement to implement the Labour Code., Accused the CM of ignoring Congress central leadership stand and following NDA policies., Highlighted the Gopal Gowda Commission report which stated the state has constitutional power to protect worker rights.