‘ഇ.ഡി. തെളിവുകൾ അവഗണിക്കാനാവില്ല’; പിണറായിയുടെ പേരിൽ കേസെടുക്കും, നിയമോപദേശത്തിന് ശേഷം തീരുമാനം

തിരുവനന്തപുരം: സി.എം.ആർ.എലിൽനിന്ന് കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേരിൽ കേസെടുക്കും. 3.28 കോടി വാങ്ങിയതിനെക്കാൾ ഗുരുതരമായ കണ്ടെത്തലുകളും അതിനുള്ള തെളിവുകളുമാണ് ഇ.ഡി. കൈമാറിയത്. കത്തിന്റെ ഗൗരവം മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചു.
ഇ.ഡി. നൽകിയ തെളിവുകൾ സർക്കാരിന് അവഗണിക്കാനാവില്ല. കേസെടുത്തില്ലെങ്കിൽ സർക്കാരിനെ ബാധിക്കുമെന്ന സൂചന മുഖ്യമന്ത്രി നൽകി. എങ്കിലും, തിടുക്കപ്പെട്ടു നടപടി വേണ്ടെന്നു വിലയിരുത്തിയാണ് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചത്. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുടെ പേരിലും കേസ് ഉണ്ടാവും.
സി.പി.എമ്മിന്റെ വിശാല സംസ്ഥാനസമിതി യോഗം 13-ന് കോഴിക്കോട്ട് തുടങ്ങും. അതിനുമുൻപ് ഒരു നടപടിയും സർക്കാരിൽനിന്നുണ്ടാകില്ല. സർക്കാർ നിലപാട് നോക്കി പ്രതിരോധം നിശ്ചയിക്കാനാണ് സി.പി.എം. നീക്കം. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള കേസ് എന്നതിലായിരിക്കും സി.പി.എമ്മിന്റെ പ്രതിരോധത്തിന്റെ ഊന്നൽ. സംസ്ഥാനത്ത് കേസെടുത്താൽ അത് ബി.ജെ.പി. ഡീലിന്റെ ഭാഗമാകുമെന്നകാര്യം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
നിലവിലെ തെളിവുകളും ഇ.ഡി. റിപ്പോർട്ടും അനുസരിച്ച് എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ തടസ്സമില്ല. അതിനാൽ കേസെടുത്ത് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസും. സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചാൽ വിജിലൻസ് അന്വേഷണവും വരും. പിണറായി മുൻമുഖ്യമന്ത്രിയും മുഹമ്മദ് റിയാസ് മുൻമന്ത്രിയുമാണെങ്കിലും കേസെടുക്കുന്നതിന് അത് തടസ്സമാകില്ല. പ്രോസിക്യൂഷൻ നടപടിക്ക് മാത്രമാണ് ഗവർണറുടെ അംഗീകാരം വേണ്ടത്.
Content Highlights: The Kerala government is set to initiate legal proceedings and register a case against opposition leader Pinarayi Vijayan, Muhammad Riyas, and T. Veena based on substantial evidence provided in the recent Enforcement Directorate report regarding the CMRL payoff controversy.