'കാസർകോട് വികസിച്ച നാടല്ല, എന്നാൽ ഒരു പഞ്ചായത്തിൽ 3 ഫൈവ് സ്റ്റാർ ഹോട്ടലുകളുണ്ട്; അഭിമാനത്തോടെ കാണണം'

പിണറായി വിജയന്‍ | Photo: Screen grab/ YouTube: Sabha TV
പിണറായി വിജയന്‍ | Photo: Screen grab/ YouTube: Sabha TV

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പ്രശംസിച്ചും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് സംസാരിച്ചപ്പോള്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത് അങ്ങനെ ആയിരുന്നോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

'അതീവഗൗരവമായ പ്രശ്‌നമാണ് ചര്‍ച്ചചെയ്തത്. ചര്‍ച്ച എങ്ങനെ വേണമെന്ന് കേരളം പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള സംസാരമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. അതായിരുന്നോ രമേശ് ചെന്നിത്തല നടത്തിയത്. അത് അദ്ദേഹം പരിശോധിക്കണം. ഒരുപാട് കാര്യങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടാവാം. അതെല്ലാം ഇതുപോലൊരു വിഷയത്തിന്റെ ഭാഗമായല്ല കൈകാര്യം ചെയ്യേണ്ടത്. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കേവലം ലഹരിയില്‍ ഒതുക്കേണ്ടതല്ല', അദ്ദേഹം പറഞ്ഞു

'പ്രമേയാവതാരകന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വന്നതിനെക്കുറിച്ച് അടക്കം സംസാരിക്കുകയുണ്ടായി. കേരളത്തിന്റെ പ്രത്യേകത കാണണം. മദ്യവ്യാപനമായിട്ടാണോ അതിനെ കാണേണ്ടത്. നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേകതയല്ലേ അതില്‍ കാണേണ്ടത്. എന്തിനാണ് അതിനെ ആ തരത്തില്‍ ചിത്രീകരിച്ചതെന്ന്‌ ഒരുതരത്തിലും മനസിലാവുന്നില്ല. കാസര്‍കോട് അത്ര വികസിച്ച നാടല്ലല്ലോ. പക്ഷേ, കാസര്‍കോട് ജില്ലയില്‍ ഒരു പഞ്ചായത്തില്‍ പോയാല്‍ മൂന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അവിടെയുണ്ട്. ഇത് നാടിന്റെ പ്രത്യേകതയാണ്. ഇനിയും വരാന്‍ പോവുകയാണ്. ഈ തരത്തിലുള്ള വളര്‍ച്ചയെ അഭിമാനത്തോടെയല്ലേ കാണേണ്ടത്? അതിനെ വല്ലാത്ത അപകടം ദര്‍ശിക്കുന്ന മട്ടിലായിപ്പോയി അവതരണം', മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലഹരിവ്യാപനം തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. റാഗിങ് ഇടയ്ക്ക് കാംപസില്‍നിന്ന് ഒഴിവായിപ്പോയി എന്ന് നമ്മള്‍ ആശ്വസിച്ച കാര്യമാണ്. പക്ഷേ, അത് വീണ്ടും തിരിച്ചുവരികയാണെന്നും പിണറായി വിജയന്‍ ആശങ്കപ്പെട്ടു.

നേരത്തെ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റേയും കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലടക്കമുണ്ടായ വര്‍ധന ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. '2016-ല്‍ യു.ഡി.എഫ്. അധികാരം വിടുമ്പോള്‍ എട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അത് 705 ആയി. രണ്ടാം പിണറായി സര്‍ക്കാര്‍ ആയപ്പോള്‍ അത് 836 ആയി. 125 എണ്ണം കൂടി രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൂടി', ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Content Highlights: Pinarayi Vijayan praised the opposition leader but criticized former leader Ramesh Chennithala