‘ഇത്തരം കാര്യങ്ങളിൽ പ്രതിഷേധിച്ചില്ലെങ്കിൽ വിദ്യാർഥിയാണോ?, കൈകാര്യം ചെയ്യാൻ കുപ്രസിദ്ധരായ പോലീസുകാർ’

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിനുനേരെ ഉണ്ടായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുരുഷ പോലീസ് പെൺകുട്ടികളെ പോലും ക്രൂരമായി മർദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കുപ്രസിദ്ധിയാർജ്ജിച്ച പോലീസുകാരെ പ്രക്ഷോഭം കൈകാര്യം ചെയ്യാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുകയാണെന്നും സർക്കാർ തിരുത്തിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭം ഇനിയും തുടരേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയന്റെ വാക്കുകൾ;
അതിക്രൂരമായാണ് പുരുഷ പോലീസ് പെൺകുട്ടികളെ ആക്രമിച്ചത്. മുഖത്ത് അടിയേറ്റ് രക്തം പോകുന്ന അവസ്ഥയുണ്ടായി. തലയ്ക്കടിയേറ്റ് പെൺകുട്ടി ബോധം കെട്ടു വീണു. കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം കാര്യങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ചില ആളുകൾ പോലീസ് സേനയിൽ ഉണ്ട്. അത്തരക്കാരെ പ്രത്യേകം തിരഞ്ഞുപിടിച്ച് തലസ്ഥാന നഗരിയിൽ പ്രക്ഷോഭം കൈകാര്യം ചെയ്യാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. ഇത് ബോധപൂർവ്വമാണ്. തല്ലുക മാത്രമല്ല, വ്യാപകമായി അറസ്റ്റും നടക്കുകയാണ്. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ വധശ്രമം അടക്കമുള്ള കടുത്ത വകുപ്പുകൾ ചാർത്തിക്കൊടുക്കാനാണ് ശ്രമം. പ്രക്ഷോഭങ്ങളെ അടിച്ചമർത്തിക്കളയാമെന്ന വ്യാമോഹം വേണ്ട. കടുത്ത പ്രതികരണം ഉയർന്നു വരും. ഇത് തുടരാതിരിക്കുന്നതാണ് നല്ലത്.
പെല്ലറ്റ് ഉപയോഗിച്ചായിരുന്നു കേന്ദ്രം വിദ്യാർഥികളെ നേരിട്ടത്. അതിന് അടുക്കത്തക്ക രീതിയിലുള്ള വഴികളാണ് യുഡിഎഫ് സർക്കാർ കേരളത്തിൽ സ്വീകരിക്കുന്നത്. ഇത് തിരുത്തണം, അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രക്ഷോഭം ഇനിയും തുടരേണ്ടി വരും. മർദന നടപടികൾകൊണ്ട് ഒരു കാലത്തും പ്രക്ഷോഭ നടപടികൾ ഒതുക്കാനോ അവസാനിപ്പിക്കാനോ ഒരു ഭരണ സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് യുഡിഎഫ് സർക്കാർ ഓർക്കുന്നത് നല്ലതാണ്.
സർവകലാശാലയ്ക്കകത്ത് സാധാരണയിൽനിന്ന് വ്യത്യസ്തമായി ആർഎസ്എസ് വേദികളിൽ ചൊല്ലുന്ന വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ ചൊല്ലാൻ പാടുള്ളൂ എന്ന് ഭരണഘടനാ അസംബ്ലി ആ കാലത്ത് തന്നെ തീരുമാനിച്ചതാണ്. എന്നാൽ ആർ.എസ്.എസ്. എല്ലാ കാലത്തും വന്ദേമാതരം പൂർണ്ണമായിട്ടാണ് ചൊല്ലാറ്. കോൺഗ്രസ് ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമായിരുന്നു നേരത്തെ അംഗീകരിച്ചിരുന്നത്. എന്നാൽ യു.ഡി.എഫ്. സർക്കാർ വന്ദേമാതരം പൂർണ്ണമായി അംഗീകരിക്കുന്ന നിലയാണ് സത്യപ്രതിജ്ഞാവേള തൊട്ട് ആരംഭിച്ചത്. അതിന്റെ തുടർച്ചയാണ് ഇത്. ആർഎസ്എസ് വേദികളിൽ ചൊല്ലുന്ന അതേ രീതിയിൽ വന്ദേമാതരം സർവകലാശാലകൾക്കകത്ത് ചൊല്ലിയപ്പോൾ സ്വാഭാവികമായി വിദ്യാർഥികളുടെ പ്രതിഷേധം വരും. ഇത്തരം കാര്യങ്ങളിൽ പ്രതിഷേധിക്കുന്നില്ലെങ്കിൽ പിന്നെ വിദ്യാർഥിയാണോ? സ്വാഭാവികമല്ലേ?- പിണറായി വിജയൻ.
Content Highlights: Pinarayi Vijayan criticized the police for brutally attacking female SFI activists during the Thiruvananthapuram march., Accused the government of using notorious police officers intentionally to suppress peaceful protests., Highlighted the controversy regarding the full singing of Vande Mataram in universities, comparing it to RSS practices.