അലന്‍-താഹ വിഷയത്തില്‍ പിണറായിയും പാര്‍ട്ടിയും നിലപാടു മാറ്റുമെന്ന് കരുതുന്നില്ല: കെ. വേണു

കെ. വേണു | ഫൊട്ടൊ: മാതൃഭൂമി
കെ. വേണു | ഫൊട്ടൊ: മാതൃഭൂമി

ആര്‍.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തുന്നതിനേക്കാള്‍ വലിയ ഭീഷണിയാണ് മാവോയിസ്റ്റുകള്‍ അടക്കമുള്ള നക്സലുകള്‍ ഉയര്‍ത്തുന്നതെന്നാണ് സി.പി.എം. കരുതുന്നതെന്നും അതുകൊണ്ടുതന്നെ അലന്‍-താഹ വിഷയത്തില്‍ സി.പി.എമ്മിന്റെയും അവര്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് പുനര്‍വിചിന്തനമോ തിരുത്തല്‍ നടപടികളോ ഉണ്ടാവില്ലെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ. വേണു പറയുന്നു.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച എന്‍.ഐ.എ. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ. വേണുവുമായി നടത്തിയ  അഭിമുഖത്തില്‍ നിന്ന് :

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് സ്ഥാപിക്കാന്‍ വാദിഭാഗ(കേരള സര്‍ക്കാര്‍)ത്തിനായിട്ടില്ലെന്നും ഏറിവന്നാല്‍ നിരോധിത സംഘടനയായ സി.പി.ഐ.(മാവോയിസ്റ്റ്)യോട് ഇവര്‍ക്ക് ചായ്വുണ്ടെന്നു മാത്രമാണ് മനസ്സിലാക്കാന്‍ ആവുന്നതെന്നുമാണ് എന്‍.ഐ.എ. കോടതി പറയുന്നത്. കോടതി വിധി താങ്കള്‍ എങ്ങിനെയാണ് കാണുന്നത് ?

കോടതികള്‍ എക്കാലത്തും ഈ സമീപനമാണ് എടുത്തിട്ടുള്ളത്. ഞങ്ങള്‍ നക്സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും കോടതികളുടെ നയം ഇതായിരുന്നു. രണ്ടു ഘട്ടങ്ങളിലായി ഞാന്‍ ഏഴു കൊല്ലത്തോളം ജയിലിലുണ്ടായിരുന്നു. ഞങ്ങള്‍ ഉള്‍പ്പെട്ട കേസുകളിലെല്ലാം ഇതേ നിലപാടാണ് കോടതി എടുത്തിരുന്നത്. മാവോ സാഹിത്യം കൈയ്യില്‍ വെയ്ക്കുന്നതോ അവയെക്കുറിച്ച് സംസാരിക്കുന്നതോ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റകരമല്ലെന്ന നിലപാടായിരുന്നു അത്. അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടാല്‍ അത് കുറ്റമാണ് എന്നല്ലാതെ ഒരാള്‍ എന്തു വിശ്വസിക്കണമെന്നോ എന്ത് പ്രചരിപ്പിക്കണമെന്നോ എന്നത് അയാളുടെ കാര്യമാണെന്ന നയമാണ് കോടതികള്‍ എടുത്തിരുന്നത്.

ഞങ്ങള്‍ കോടതികള്‍ക്കുള്ളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഭരണകൂടത്തിനും കോടതികള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ പത്തോ പതിനഞ്ചോ മിനിറ്റുകള്‍ അത് നീണ്ടുനില്‍ക്കും. അപ്പോള്‍ ജഡ്ജി പേന മാറ്റിവെച്ച് ഈ മുദ്രാവാക്യം വിളി കേട്ടുകൊണ്ടിരിക്കും. പോലിസും ഭരണകൂടവും ഞങ്ങള്‍ നക്സലുകളാണെന്നു പറയുമ്പോള്‍ കോടതി അത് പരിഗണിച്ചിരുന്നില്ല. ഞങ്ങള്‍ കുറ്റകൃത്യത്തിലേര്‍പെട്ടിട്ടുണ്ടോ എന്നാണ് കോടതി നോക്കിയിരുന്നത്. ഞങ്ങള്‍ക്ക് അന്ന് കോടതികളില്‍ വിശ്വാസമുണ്ടായിരുന്നില്ല. കോടതികള്‍ ബഹിഷ്‌കരിക്കുക എന്നായിരുന്നു അന്ന് ഞങ്ങള്‍ ഉയര്‍ത്തിയിരുന്ന ഒരു മുദ്രാവാക്യം. അതുകൊണ്ടുതന്നെ വിചാരണത്തടവുകാരന്‍ മാത്രമായി നാലു കൊല്ലത്തോളം എനിക്ക് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വ്യത്യാസം മാവോയിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയാണെന്നതാണ്. ഞങ്ങള്‍ നക്സല്‍ പ്രവര്‍ത്തകരായിരിക്കുമ്പോള്‍ പ്രസ്ഥാനത്തിന് ഒരു തരത്തിലുള്ള നിരോധനവുമുണ്ടായിരുന്നില്ല. സി.പി.ഐ.(മാവോയിസ്റ്റ്) ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള സംഘടനയാണ്. എന്നാലും മാവോയിസ്റ്റ് സാഹിത്യം കൈയ്യില്‍ വെയ്ക്കുന്നതോ വായിക്കുന്നതോ കുറ്റമല്ലെന്നു തന്നെയാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന  കോടതിയുടെ നിരീക്ഷണം സി.പി.എമ്മിന്‍െയും കേരള സര്‍ക്കാരിന്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ മാറ്റമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ?

ഞാനങ്ങിനെ കരുതുന്നില്ല. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് സി.പി.എം. പ്രാദേശിക ഘടകം ആദ്യഘട്ടത്തില്‍ കരുതിയിരുന്നില്ല. അതിനുള്ള തെളിവുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നാണ് നമുക്ക് കിട്ടുന്ന വിവരം. പക്ഷേ, പോലിസ് പറഞ്ഞത് ഇവര്‍ മാവോയിസ്റ്റുകളാണെന്നാണ്. പാര്‍ട്ടി നിലപാടല്ല പോലിസ് നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിശ്വസിച്ചത്. അതുകൊണ്ടാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത് ചായകുടിക്കാന്‍  പോയതിനല്ലെന്ന്  മുഖ്യമന്ത്രി പറഞ്ഞത്. പിണറായിയുടെ ഈ നിലപാട് പിന്നീട് പാര്‍ട്ടി ഏറ്റെടുത്തു. അലനും താഹയ്ക്കും മേല്‍ യു.എ.പി.എ. ചുമത്തിയതിനെപ്പോലും പാര്‍ട്ടി ന്യായീകരിക്കുകയും ചെയ്തു. യു.എ.പി.എ. കരിനിയമമാണെന്ന നിലപാടാണ് സി.പി.എം. കേന്ദ്ര കമ്മിറ്റി എടുത്തിരുന്നതെന്നോര്‍ക്കുമ്പോഴാണ് സിപിഎം നേതൃത്വം നല്‍കുന്ന കേരളസര്‍ക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യം പ്രകടമാവുന്നത്.

അലനും താഹയും മാവോയിസ്റ്റ് വഴിയില്‍നിന്ന് മടങ്ങിവരാന്‍ സാദ്ധ്യതയുള്ള യുവാക്കളാണെന്ന നിരീക്ഷണവും കോടതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. സ്വയം പരിഷ്‌കരണത്തിനുള്ള സാദ്ധ്യതയിലേക്കാണ് കോടതി വിരല്‍ ചൂണ്ടുന്നത്. കോടതി ഇങ്ങനെ നിരീക്ഷിക്കുമ്പോഴും സി.പി.എമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ഇത്തരമൊരു നിലപാടെടുക്കാനിടയില്ല എന്ന് ചിന്തിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്?

അലനും താഹയ്ക്കും മേല്‍ യു.എ.പി.എ. പോലൊരു കരിനിയമം ചുമത്തിയത് നിഷ്‌കളങ്കമായ നടപടിയാണെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു കൃത്യമായ സന്ദേശമായിരുന്നു. മാവോയിസവുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ല എന്നാണ് ഭരണകൂടം വ്യക്തമാക്കിയത്. കേരളത്തില്‍ സി.പി.എമ്മിനുള്ളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്നൂറോളം പേര്‍ ഇത്തരത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്കുള്ള സന്ദേശമാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അലനിലൂടെയും താഹയിലൂടെയും നല്‍കിയത്. മാവോയിസ്റ്റുകളുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവരെ കാത്തിരിക്കുന്നത് യു.എ.പി.എ. ആണെന്ന പാഠമാണത്. അലനും താഹയും കൈവിട്ടു പോയാലും പാര്‍ട്ടിക്കുള്ളിലെ മാവോയിസ്റ്റുകളെ നിശ്ശബ്ദരാക്കണമെന്ന നയവും സമീപനവുമാണത്. അതുകൊണ്ടാണ് ഈ നിലപാടില്‍ നിന്ന് മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇനിയിപ്പോള്‍ മാറാന്‍ പോവുന്നില്ലെന്ന് ഞാന്‍ കരുതുന്നത്.

താങ്കളടക്കമുള്ള നക്സല്‍ പ്രവര്‍ത്തകരെ മുഖ്യധാരാ ഇടതുപക്ഷത്തിലേക്ക് കൊണ്ടുവരാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോ?

ഇല്ല. സി.പി.എം. അങ്ങിനെ ഒരു ശ്രമവും നടത്തിയിട്ടില്ല. സി.പി.ഐ. ശ്രമിച്ചിട്ടുണ്ട്. എന്നെ സി.പി.ഐയിലേക്ക് സ്വാഗതം ചെയ്തിരുന്നു. പി.കെ. വാസുദേവന്‍നായര്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരിക്കെ, ബിനോയ് വിശ്വമാണ് ഇതിനായി സി.പി.ഐയുടെ ഭാഗത്തുനിന്ന് എന്നെ സമീപിച്ചത്. പക്ഷേ, ഞങ്ങളത് തള്ളിക്കളഞ്ഞു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. എനിക്ക് സര്‍ക്കാരില്‍ നല്ലൊരു ജോലി ശരിയാക്കാമെന്നും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ ജോലി വിഘാതമാവില്ലെന്നും ജയറാം പടിക്കലിനെപ്പോലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞിരുന്നു.

സി.പി.എം. നേതാവ് പി. ഗോവിന്ദപ്പിള്ളയുമായി താങ്കള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പി.ജി. എപ്പോഴെങ്കിലും ഇങ്ങനെയൊരു ശ്രമം നടത്തിയിട്ടുണ്ടോ?
 
ഇല്ല. ഞാനതിന് വഴങ്ങില്ലെന്ന് പി.ജിക്കറിയാമായിരുന്നു .

സി.പി.എം. എന്തുകൊണ്ടാണ് നക്സലുകളോട്  നിഷേധാത്മക സമീപനം സ്വീകരിക്കുന്നത്?

നക്സലുകള്‍ വലിയ ഭീഷണിയാണെന്നാണ് സി.പി.എം. കരുതുന്നത്. സി.പി.ഐ. ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്നും തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെന്നുമാണ് സി.പി.എം. വിശ്വസിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരാണ് നക്സലുകള്‍. നക്സലുകള്‍ തുറന്നുകാട്ടുന്നത് സി.പി.എമ്മിനുണ്ടായിട്ടുള്ള അപചയമാണ്. നക്സലുകളുടെ സാന്നിദ്ധ്യം തങ്ങളുെട നിലനില്‍പിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് സി.പി.എം. കരുതുന്നു. അതുകൊണ്ടുതന്നെ നക്സലുകളുമായി ഒരു തരത്തിലുള്ള ബന്ധത്തിനും സി.പി.എം. തയ്യാറല്ല. ഇതൊരു പക പോലെയാണ്. അടുത്തിടെ കേരള പോലിസ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നത് നമുക്ക് കാണാതിരിക്കാനാവില്ല.

താങ്കളൊക്കെ നക്സല്‍ വഴിയില്‍നിന്നു തിരിച്ചു വന്നവരാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിലോ ഇന്ത്യയിലോ നക്സലിസം വിജയിച്ചില്ല. നേപ്പാളില്‍ മാവോയിസ്റ്റുകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ, ഇപ്പോഴും കുറച്ചു ചെറുപ്പക്കാരെങ്കിലും ഈ വഴിയിലൂടെ നടക്കാന്‍ തയ്യാറാവുന്നുണ്ട്. താങ്കള്‍ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

15 വയസ്സിനും 25 വയസ്സിനുമിടയിലുള്ള യുവാക്കളില്‍ അഞ്ചു ശതമാനം പേരെങ്കിലും പൊതുസമൂഹത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായി ചിന്തിക്കാനും വഴി മാറി നടക്കാനും താല്‍പര്യമുള്ളവരായിരിക്കും. ഈ റാഡിക്കല്‍ ചിന്ത പല വഴിക്ക് പോവാം. ചിലപ്പോള്‍ അത് തീവ്രവാദത്തിലേക്കാവും എത്തുന്നത്. ചിലപ്പോള്‍ അത് ലഹരിയിലേക്കുള്ള സഞ്ചാരമാവും. ഹിപ്പി മൂവ്മെന്റ് ഒക്കെ ഇങ്ങനെയുള്ള ചിന്തയുടെ പ്രതിഫലനമായിരുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ ഇവരില്‍ വലിയൊരു വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരും. എന്നാല്‍ ആ വഴിക്കുള്ള സഞ്ചാരം പിന്നെയും തുടരുന്നവരുണ്ട്. മുരളി കണ്ണമ്പള്ളിയെപ്പോലുള്ളവര്‍. അവര്‍ അതൊരു ഒബ്സഷന്‍ പോലെ കൊണ്ടുനടക്കുന്നവരാണ്. തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍നിന്ന് പിന്തിരിഞ്ഞുള്ള നടത്തം അവര്‍ക്ക് പറഞ്ഞിട്ടില്ല. വളരെയധികം  കഴിവുള്ളവരാണവര്‍. ഏതു കാര്യവും നന്നായി പഠിച്ച് വിശകലനം നടത്താന്‍ പ്രാപ്തിയുള്ളവര്‍.

Content Highlights: Pinarayi and CPM won't change their stand on Alan-Thaha issue, says K. Venu

Content Highlights: