പിഎച്ച്ഡി, എംഫില്‍ ഇന്‍ക്രിമെന്റ് റദ്ദാക്കി; കോളേജ് അധ്യാപകരുടെ പണം സര്‍ക്കാര്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: ഏഴാം ശമ്പളക്കമ്മിഷന്‍ കാലയളവില്‍ കോളേജ് അധ്യാപകര്‍ക്കു നല്‍കിയ പിഎച്ച്ഡി, എംഫില്‍ ഇന്‍ക്രിമെന്റ് തുക ധനവകുപ്പ് റദ്ദാക്കി. 2016-ല്‍ അനുവദിച്ച ആനുകൂല്യം തിരിച്ചുപിടിക്കാനാണ് ഉത്തരവ്. മുന്നൂറിലേറെ അധ്യാപകരുടെ അധികവിഹിതം സ്ഥാനക്കയറ്റക്കുടിശ്ശികയില്‍ നിന്നോ ക്ഷാമബത്ത പരിഷ്‌കാരത്തില്‍നിന്നോ ഈടാക്കാനാണ് തീരുമാനം. ഇവര്‍ ഒന്‍പതുവര്‍ഷത്തെ തുക സര്‍ക്കാരിലേക്കു തിരിച്ചടയ്ക്കണം.
പിഎച്ച്ഡി യോഗ്യതയോടെ കോളേജ് അധ്യാപകജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അഞ്ചും എംഫില്‍ ബിരുദധാരികള്‍ക്ക് മൂന്നും ഇന്‍ക്രിമെന്റ് നല്‍കാനായിരുന്നു 2016-ലെ സര്‍ക്കാര്‍തീരുമാനം. മുന്‍കൂര്‍ ഇന്‍ക്രിമെന്റ് അനുവദനീയമല്ലെന്ന് 2017-ലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിലും അനുവദനീയമാണെന്ന് 2018-ലെ യുജിസി മാര്‍ഗരേഖയിലും പരാമര്‍ശിച്ചിരുന്നു. വ്യക്തതതേടി കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് യുജിസി നിര്‍ദേശമനുസരിച്ച് ഇപ്പോഴത്തെ നടപടി.
ഏഴാം ശമ്പളക്കമ്മിഷന്‍ കാലയളവിലാണ് ഇന്‍ക്രിമെന്റ് നല്‍കിയതെങ്കിലും ആറാം ശമ്പളക്കമ്മിഷന്‍ കാലത്തെ വ്യവസ്ഥയാണ് നടപ്പാക്കിയത്. ഒരു ഇന്‍ക്രിമെന്റ് ഇനത്തില്‍ ശരാശരി 1000 രൂപയാണ് അടിസ്ഥാനശമ്പളത്തില്‍ കൂടിയിരുന്നത്.
അനിശ്ചിതത്വം തീര്‍ന്നെന്ന് ഭരണപക്ഷം; നിയമവിരുദ്ധമെന്ന് പ്രതിപക്ഷം
മുന്‍കൂര്‍ ഇന്‍ക്രിമെന്റിലെ ആശയക്കുഴപ്പത്തിന്റെ പേരില്‍ അധ്യാപകരുടെ തസ്തികനിര്‍ണയവും സ്ഥാനക്കയറ്റവുമൊക്കെ അനിശ്ചിതത്വത്തിലായിരുന്നുവെന്ന് എകെപിസിടിഎ പ്രസിഡന്റ് എ. നിശാന്തും ജനറല്‍ സെക്രട്ടറി കെ. ബിജുകുമാറും പറഞ്ഞു. അതിന് പരാഹാരമാവും. തുക തിരിച്ചുപിടിക്കരുതെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്, അധികവിഹിതം ഭാവിവരുമാനത്തില്‍നിന്ന് ഈടാക്കി പ്രശ്‌നം പരിഹരിച്ചതെന്നും നേതാക്കള്‍ പ്രതികരിച്ചു.
കോടതി കേസ് പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ നിയമവിരുദ്ധമായ ഉത്തരവെന്ന് കെപിസിടിഎ കുറ്റപ്പെടുത്തി. 2017-ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവും 2018-ലെ മാര്‍ഗരേഖയും തമ്മില്‍ വൈരുധ്യമില്ലെന്നാണ് ഹൈക്കോടതിയില്‍ യുജിസി അഭിഭാഷകന്‍ വ്യക്തമാക്കിയതെന്ന് കെപിസിടിഎ പ്രസിഡന്റ് പ്രേമചന്ദ്രന്‍ കീഴോത്തും ജനറല്‍ സെക്രട്ടറി റോണി ജോര്‍ജും പറഞ്ഞു.
Content Highlights: phd mphil increments cancelled government to recover money from college teachers