അ‌തിഥി തൊഴിലാളികൾ തിരിച്ചെത്തുന്നില്ല, പെരുമ്പാവൂരിൽ സംഭവിക്കുന്നതെന്ത്?

#സ്വന്തം ലേഖകൻ
പെരുമ്പാവൂരിലെ ഫാക്ടറിയിൽ ജോലിചെയ്യുന്ന അ‌തിഥിതൊഴിലാളികൾ | ഫോട്ടോ: ജയ്‌വിന്‍ ടി. സേവ്യര്‍
പെരുമ്പാവൂരിലെ ഫാക്ടറിയിൽ ജോലിചെയ്യുന്ന അ‌തിഥിതൊഴിലാളികൾ | ഫോട്ടോ: ജയ്‌വിന്‍ ടി. സേവ്യര്‍

കുന്നുകൂടിക്കിടക്കുന്ന മരത്തടികൾ, നിശ്ചലമായ യന്ത്രങ്ങൾ, ചെറു പണികളിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും തൊഴിലാളികൾ.. മാസങ്ങൾക്ക് മുമ്പുവരെ നൂറുകണക്കിന് തൊഴിലാളികളുമായി വളരെ സജീവമായി പ്രവർത്തിച്ചിരുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളുടെ ഇപ്പോഴത്തെ നേർചിത്രമാണിത്. ബംഗാൾ, അ‌സം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂട്ടത്തോടെ നാട്ടിൽ പോയ അ‌തിഥി തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇനിയും തിരിച്ചെത്താത്തത് വലിയ പ്രതിസന്ധിയാണ് പെരുമ്പാവൂരിലെ വ്യവസായ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്.

പെരുമ്പാവൂരിലെ എല്ലാ തൊഴിൽ മേഖലകളെയും അ‌തിഥി തൊഴിലാളികളുടെ അ‌ഭാവം ബാധിച്ചിട്ടുണ്ടെന്ന് സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ച്വറേഴ്സ് അ‌സോസിയേഷൻ പ്രസിഡന്റ് റിയാസ് എം.എച്ച്. പറയുന്നു. 'എന്റെ മേഖല പ്ലൈവുഡ് നിർമാണമാണ്. ഇവിടെയുള്ള നൂറുകണക്കിന് പ്ലൈവുഡ് കമ്പനികൾ അ‌ടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിലുള്ള തൊഴിലാളികളെ വെച്ച് ഒരു ഷിഫ്റ്റിൽ പ്രവർത്തനം നടത്തുന്നുണ്ട്. പക്ഷേ, അ‌തൊട്ടും ലാഭകരമല്ല. എങ്കിലും തൽക്കാലം അ‌ങ്ങനെ ചെയ്യുകയാണ്.'


'പ്ലൈവുഡ് നിർമാണം കൂടാതെ അ‌തിന്റെ റോ മെറ്റീരിയൽ ഉത്പാദിപ്പിക്കുന്ന മേഖലയുണ്ട്. നിർമാണ മേഖലയുണ്ട്. ഹോട്ടലുകളും കടകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. അ‌വയെല്ലാം അ‌ടഞ്ഞുകിടക്കുകയാണ്. അ‌തിഥി തൊഴിലാളികൾ തിരിച്ചെത്തിയാലേ അ‌തിനൊരു മാറ്റമുണ്ടാകൂ', റിയാസ് കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പട്ടിക നവീകരണം ഉൾപ്പെടെ ഉണ്ടാക്കിയ ആശങ്ക കൊണ്ടാണ് ഇത്തവണ തൊഴിലാളികൾ കൂട്ടത്തോടെ വോട്ട് ചെയ്യാൻ പോയതെന്ന് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന അ‌തിഥി വെൽഫെയർ ഫോറം എന്ന സംഘടനയുടെ പ്രസിഡന്റായ ഷിഹാബ് പറഞ്ഞു. 'അ‌സമിൽ കൃഷിയുടെ സീസൺ വന്നതും ബക്രീദ് ആഘോഷങ്ങളും തൊഴിലാളികളെ നാട്ടിൽ തങ്ങാൻ പ്രേരിപ്പിച്ചു. അ‌ങ്ങോട്ട് സ്പെഷ്യൽ ട്രെയിനുകളും ടൂറിസ്റ്റ് ബസ് സർവീസുകളും മറ്റും ഉണ്ടായതിനാൽ കൂടുതൽ പേർക്ക് പോകാനായി. തിരിച്ചുവരാൻ ട്രെയിൻ മാത്രമേ ഉള്ളൂ എന്നതുകൊണ്ട് എല്ലാവർക്കും ടിക്കറ്റ് കിട്ടുന്നുമില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അ‌തിഥി തൊഴിലാളികളുടെ പ്രാധാന്യം വളരെ വലുതാണ്', ഷിഹാബ് വിശദമാക്കി.

പെരുമ്പാവൂരിലെ ഫാക്ടറിയിൽ ജോലിചെയ്യുന്ന അ‌തിഥിതൊഴിലാളി | ഫോട്ടോ: ജയ്‌വിൻ ടി. സേവ്യർ

നേപ്പാൾ ഉൾപ്പെടെയുള്ള മറ്റിടങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ പലരും തേടിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും, തൊഴിലാളികളിൽ വലിയൊരു വിഭാഗം അ‌ടുത്ത ആഴ്ചകളിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തൊഴിലുടമകൾ.

Content Highlights: Large-scale closure of plywood factories in Perumbavoor due to labor shortage., Migrant workers from Bengal and Assam have not returned following the 2026 election period., The crisis extends beyond plywood to construction, retail, and hospitality sectors., Logistical challenges like limited train tickets are delaying the return of workers., Association leaders warn that current limited operations are unsustainable.