മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രവർത്തനം; രണ്ടുമാസം കൂടുമ്പോൾ വിലയിരുത്താൻ ലീഗ്

#ന്യൂസ് ഡെസ്ക്
മുസ്‍ലിം ലീഗ് ജനപ്രതിനിധികൾക്കായി വാഴയൂരിലെ സാഫി കോളേജിൽ നടന്ന പരിശീലനപരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
മുസ്‍ലിം ലീഗ് ജനപ്രതിനിധികൾക്കായി വാഴയൂരിലെ സാഫി കോളേജിൽ നടന്ന പരിശീലനപരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു

മലപ്പുറം: മന്ത്രിമാർ, എം.എൽ.എ.മാർ, എം.പി.മാർ തുടങ്ങി സ്വന്തം ജനപ്രതിനിധികളുടെ പ്രവർത്തനം ഓരോ രണ്ടുമാസവും വിലയിരുത്താൻ മുസ്‍ലിം ലീഗ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ടാണ് പ്രകടനം വിലയിരുത്തുക. ഇതിനായി പ്രത്യേക യോഗം ചേരും.

ശനിയാഴ്‌ച മലപ്പുറം വാഴയൂരിലെ സാഫി കോളേജിൽ ജനപ്രതിനിധികൾക്കായി നടത്തിയ പരിശീലനപരിപാടിയിലാണ് തീരുമാനം. അധികാരം അഹങ്കാരത്തിലേക്കും ആർഭാടത്തിലേക്കും നയിക്കരുത്. എം.എൽ.എ.മാർ മണ്ഡലത്തിന്റെ വികസനകാര്യങ്ങൾക്കാണ് ഊന്നൽകൊടുക്കേണ്ടത്. വിനയം മുഖമുദ്രയാക്കണമെന്നും സാദിഖലി തങ്ങൾ ജനപ്രതിനിധികളെ ഓർമ്മിപ്പിച്ചു.

രാവിലെ ഒൻപതുമുതൽ രണ്ടുവരെ നീണ്ടു പരിശീലനപരിപാടി. യു.ഡി.എഫ്. സർക്കാർ മികച്ച രീതിയിലാണ് ഭരണം തുടങ്ങിയതെന്നും പാർട്ടി മന്ത്രിമാർ നല്ല പ്രകടനമാണ് കാഴ്‌ചവെയ്ക്കുന്നതെന്നും യോഗം വിലയിരുത്തി.

വികസനം, വിഭവവിതരണം, അവസരസമത്വം തുടങ്ങിയ കാര്യങ്ങളിൽ മലബാറിന്റെ പിന്നാക്കാവസ്ഥ യോഗം വിശദമായി ചർച്ചചെയ്തു. അതു പരിഹരിക്കാൻ ഇടപെടലുണ്ടാകണമെന്നും പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുമുണ്ട്.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൽഗഫൂർ, നേതാക്കളായ പി.എം.എ. സലാം, അബ്ബാസലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.പി.മാർ, എം.എൽ.എ.മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഐ.ഐ.എം. മാതൃകയിൽ പരിശീലനം

സംസ്ഥാന മന്ത്രിസഭയ്ക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ നൽകിയ പരിശീലനത്തിന്റെ മാതൃകയിലാണ് ലീഗും ജനപ്രതിനിധികൾക്ക് പരിശീലനം നൽകിയത്. മാസങ്ങൾക്കു മുൻപുതന്നെ പരിപാടി നിശ്ചയിച്ചതാണ്. എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ കർശന നിർദേശം നൽകിയിരുന്നു.

വികസനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ, മണ്ഡലത്തിലെ വികസനപദ്ധതികൾ ശാസ്ത്രീയമായി ആസൂത്രണംചെയ്യൽ, കേന്ദ്ര പദ്ധതികളും സി.എസ്.ആർ. ഫണ്ടും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. സി.എച്ച്. അബ്ദുൽറഹീം, ഹാരിസ് ഹുദവി, മുഹമ്മദ് റഈസ് എന്നിവർ ക്ലാസിന്‌ നേതൃത്വംനൽകി.

Content Highlights: Muslim League leadership will review the performance of ministers, MLAs, and MPs every two months., State President Panakkad Sadiq Ali Shihab Thangal will directly oversee the evaluation process., A special training program was conducted at Safi College, Vazhayur, modeled after IIM training sessions., Discussions focused on regional backwardness in Malabar, development planning, and effective use of CSR and central funds.