റോഡിലും കടത്തിണ്ണയിലും, മരണത്തിന്റെ നിഴലിൽ ഉറങ്ങുന്നവരേറെ

#കെ.കെ. ശ്രീരാജ്‌
representative image
representative image

തൃശ്ശൂർ: നാട്ടികയിലെ അതിദാരുണ അപകടം ഞെട്ടിക്കുമ്പോൾ, മരണത്തിനു തൊട്ടടുത്ത് തെരുവോരങ്ങളിൽ കിടന്നുറങ്ങുന്നവർ കേരളത്തിലേറെ. ഇത്തരം കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലെന്ന് മോട്ടോർവാഹനവകുപ്പധികൃതർ പറയുന്നു. തെരുവിൽ ജീവിക്കുന്നവരെ ഇവിടെനിന്ന്‌ മാറ്റാനുള്ള സൗകര്യങ്ങളൊന്നും എവിടെയുമില്ലതാനും.

പലയിടത്തും അത്യപകടകരമായ രീതിയിലാണ് തെരുവിലുള്ളവർ ഉറങ്ങുന്നത്. റോഡിനു തൊട്ടരികെയും ബസ്‌സ്റ്റോപ്പുകളിലും എല്ലാം ഇവരെ കാണാം. പലപ്പോഴും ഇരുട്ടുമൂടിയ സ്ഥലങ്ങളിലും ഇവർ കിടക്കാനുള്ള സ്ഥലം കണ്ടെത്തും. കടത്തിണ്ണകളിലെ നിരന്ന ഉറക്കം കേരളത്തിലെ പൊതു കാഴ്ചയാണ്. വാഹനങ്ങൾ വരില്ലെന്നുറപ്പുള്ള റോഡിന്റെ ഭാഗങ്ങളിലും ഇവർ ഉറങ്ങാനായി തിരഞ്ഞെടുക്കുന്നുവെന്നതിന് തെളിവാണ് നാട്ടികയിലെ സംഭവം. ഇത്തരം ഉറക്കങ്ങളിൽ കൂടുതൽ അപകടകരമായത് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് ചെയ്യാറുണ്ട്. പക്ഷേ, അവർക്ക് ഇതിൽ നേരിട്ട് ഒരു നടപടിയെടുക്കാൻ സാധിക്കില്ലെന്നത് പരിമിതിയാണ്. പോലീസിനും നേരിട്ട് നടപടിയെടുക്കാൻ പരിമിതിയുണ്ട്.

റോഡിന്റെ ഉടമകളാണ് ഇതിൽ നടപടിയെടുക്കേണ്ടത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ദേശീയപാത അതോറിറ്റി തുടങ്ങിയവയെല്ലാമാണ് ഇതിൽ വരുക. മോട്ടോർവാഹനവകുപ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് ഇവർക്കാണ് പരാതി നൽകാറുള്ളതും. ഇവർ സഹായംതേടുമ്പോൾ മാത്രമേ പോലീസിനും ഇടപെടാനാകൂ. ഇവർക്ക് കിടന്നുറങ്ങാൻ മറ്റൊരു സംവിധാനം ഏർപ്പെടുത്തിക്കൊടുക്കാനില്ലെന്നതാണ് പ്രധാന പ്രശ്നം. തെരുവിൽ ജീവിക്കുന്നവർക്കായി പല പദ്ധതികളും വിഭാവന ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. ജില്ലാതലത്തിലാണ് ഇത്തരത്തിലുള്ള പല പദ്ധതികളും വിഭാവന ചെയ്തിരുന്നത്. നിലവിലുള്ള നിയമമനുസരിച്ചുതന്നെ തെരുവിൽക്കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇതും നടപ്പാകുന്നില്ല.

Content Highlights: people sleeping on the streets