കുഞ്ഞികൃഷ്ണന് പിന്നിലാര്? CPM പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നവരെ നിരീക്ഷിച്ച് കാരണം തേടുന്നു

കണ്ണൂർ: സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് അനുകൂലമായി ബോർഡുകൾ ഉയരുകയും സാമൂഹികമാധ്യമങ്ങളിൽ വീരപരിവേഷം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുഞ്ഞികൃഷ്ണന് പിന്നിലാരെന്ന് സി.പി.എം. രഹസ്യമായി അന്വേഷിക്കുന്നു. ഇതിനായി രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി. രക്തസാക്ഷിഫണ്ടിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തി എന്ന തുറന്നുപറച്ചിൽ നടത്തിയപ്പോൾതന്നെ കുഞ്ഞികൃഷ്ണന് പിറകിൽ ആരോ ഉണ്ടെന്ന സംശയം ജില്ലാനേതൃത്വത്തിന് ഉണ്ടായിരുന്നു. ഇത് കണ്ടെത്താനുള്ള രഹസ്യനീക്കമാണ് പാർട്ടി നടത്തുന്നത്.
സി.പി.എം. പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് കാരണം തേടുന്നുണ്ട്. ശക്തികേന്ദ്രങ്ങളിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി ബോർഡുകൾ സ്ഥാപിച്ചവരെ കണ്ടുപിടിക്കാനും നീക്കംതുടങ്ങി. ഇതിനായി പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുതുടങ്ങി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കുന്നു.
കുഞ്ഞികൃഷ്ണൻ ഇടഞ്ഞശേഷം പയ്യന്നൂരിലെ സി.പി.എമ്മിൽ വിമതപ്രശ്നം രൂക്ഷമായിരുന്നു. ടി.െഎ. മധുസൂദനൻ എം.എൽ.എ.യോട് എതിർപ്പുള്ളവരും കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിൽ വിശ്വാസത്തിലെടുക്കുന്നവരുമായി ഒട്ടേറെ പാർട്ടിപ്രവർത്തകർ പയ്യന്നൂരിലുണ്ട്. ഇവരുടെ മാനസികപിന്തുണ തനിക്കുണ്ടെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞികൃഷ്ണന്റെ ആരോപണത്തെ തുടർന്ന് പ്രവർത്തകർക്കിടയിൽ സംശയമുയർന്ന സാഹചര്യത്തിൽ ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് വർഗബഹുജനങ്ങളോട് തുറന്നുപറയാൻ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.
കുഞ്ഞികൃഷ്ണനെ പുറത്താക്കിയപ്പോൾ അനുകൂലിച്ച് വെള്ളൂർ കോട്ടണച്ചേരി ക്ഷേത്രത്തിന് മുന്നിൽ വി.എസിനൊപ്പമുള്ള ചിത്രംവെച്ച് ഫ്ലക്സ് ഉയർത്തിയിരുന്നു. ‘നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട്’ എന്നാണ് ബോർഡിലെ വാചകം. ഈ ബോർഡ് പിന്നീട് നശിപ്പിച്ചു. ഞായറാഴ്ച കാരയിൽ വീണ്ടും സഖാക്കളുടെ പേരിൽ ബാനർ ഉയർന്നു. ‘കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല’ എന്നാണ് എഴുതിയിരിക്കുന്നത്. കാരയിൽ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിലും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നയിച്ച വെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചിരുന്നു. ടി.െഎ. മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥയുടെ മണ്ഡല പര്യടനം 13 മുതൽ 16 വരെ നടത്തുന്നുണ്ട്. ഇതിൽ പരമാവധി പ്രവർത്തകരെ അണിനിരത്താനും നീക്കമുണ്ട്.
Content Highlights: v kunhikrishnan allegation cpm investigation