'ആശുപത്രിയാക്കാൻ പറ്റില്ല, ഹോട്ടലാക്കാൻ കൊള്ളാം'; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

പത്തനാപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തിനെതിരേ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വലിയ കെട്ടിടമാണെങ്കിലും അസൗകര്യങ്ങളും പോരായ്മകളും ഏറെയാണ്. പ്ലാനിൽ പറയുന്ന രീതിയിലുള്ള കെട്ടിടം ആശുപത്രിയാക്കാൻ കഴിയില്ലെന്നും ഹോട്ടലാക്കാൻ കൊള്ളാമെന്നും മന്ത്രി പരിഹസിച്ചു.
നാല് ഓപ്പറേഷൻ തിയേറ്ററാണ് ആശുപത്രിയിൽ നിർമിക്കുന്നത്. എന്നാൽ സി.ടി.സ്‌കാൻ, എം.ആർ.ഐ.സ്‌കാൻ സൗകര്യങ്ങൾ ഇല്ലാത്തത് വലിയ പോരായ്മയാണ്. കേന്ദ്രീകൃത ശീതീകരണസംവിധാനമാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്, ഇതിന്റെയാവശ്യമില്ല. മാസംതോറും വൈദ്യുതി ബില്ലിനത്തിൽ ലക്ഷങ്ങളുടെ അധികബാധ്യതയാകും ഫലമെന്നും ഈ തുകയുണ്ടെങ്കിൽ രോഗികൾക്ക് സൗജന്യമായി മരുന്നുവാങ്ങി നൽകാമെന്നും കെ. മുരളീധരൻ പറഞ്ഞു.
പ്രധാനപ്പെട്ട പല വിഭാഗങ്ങൾക്കും സ്ഥലം നീക്കിവെച്ചിട്ടില്ല. വലിയ ബഹുനിലമന്ദിരമാണെങ്കിലും നൂറിൽ താഴെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. സ്റ്റാർ ഹോട്ടൽപോലെ ആശുപത്രി കെട്ടിയിട്ടു കാര്യമില്ലെന്നും നിർമാണച്ചുമതലയുള്ള ഇൻകൽ അധികൃതരുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി പോരായ്മകൾ പരിഹരിച്ച് ആശുപത്രി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരം താലൂക്ക് ആശുപത്രിനിർമാണം ഉടൻ പൂർത്തിയാക്കും
പത്തനാപുരം: നിർമാണത്തിലിരിക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രി സന്ദർശിച്ച മന്ത്രി കെ. മുരളീധരൻ പുരോഗതി വിലയിരുത്തി. താലൂക്കിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും ആവശ്യങ്ങളും പോരായ്മകളും ജനപ്രതിനിധികളും മെഡിക്കൽ ഓഫീസർമാരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കല്ലടയാറിന്റെ തീരത്ത് 96 കോടിയോളം രൂപ ചെലവഴിച്ചുള്ള താലൂക്ക് ആശുപത്രി കെട്ടിടനിർമാണം 65 ശതമാനം പൂർത്തിയായി. ബാക്കികൂടി ഉടൻ പൂർത്തിയാക്കും.
ആറ്റുതീരമിടിഞ്ഞ് ഭൂമി നഷ്ടപ്പെടുന്നത് കെട്ടിടത്തിനു ഭീഷണിയാണെന്നും പരിഹാരമുണ്ടാക്കണമെന്നും താലൂക്ക് ആശുപത്രിയിൽ നടന്ന അവലോകനയോഗത്തിൽ ആവശ്യമുയർന്നു. ആറ്റുതീരത്ത് പൈലിങ് നടത്തി തൂണുകളുറപ്പിച്ച് ബലമേറിയ ഉയരമുള്ള കോൺക്രീറ്റ് ഭിത്തി നിർമിച്ചാൽ മാത്രമേ തീരമിടിയുന്നതിന് പരിഹാരമാകൂ എന്ന് കെട്ടിടനിർമാണച്ചുമതലയുള്ള ഇൻകൽ അധികൃതർ അറിയിച്ചു.
അതിനായി 8.50 കോടി രൂപ അധികം വേണ്ടിവരുമെന്നും ഇറിഗേഷൻ വകുപ്പിൽനിന്ന് തുക കണ്ടെത്താൻ ശ്രമിക്കുന്നതായും അറിയിച്ചു. നിലവിലുള്ള താലൂക്ക് ആശുപത്രിക്ക് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നിലവാരം മാത്രമേയുള്ളൂ എന്നും പുതിയ ആശുപത്രി എത്രയുംവേഗം പ്രവർത്തനസജ്ജമാക്കണമെന്നും ജ്യോതികുമാർ ചാമക്കാല എം.എൽ.എ.യും വിവിധ പഞ്ചായത്തുകളിൽനിന്നുള്ള ജനപ്രതിനിധികളും മന്ത്രിയോട് ആവശ്യപ്പെട്ടു.
ദിനംപ്രതി 300-ലേറെ ഒ.പി. നടക്കുന്ന ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരുമില്ല. അസൗകര്യത്തിനു നടുവിൽ പ്രവർത്തിക്കുന്ന നിലവിലുള്ള താലൂക്ക് ആശുപത്രി മാറ്റേണ്ട ആവശ്യം മെഡിക്കൽ ഓഫീസർമാരും മന്ത്രിയെ ബോധ്യപ്പെടുത്തി. താലൂക്കിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
Content Highlights: Minister K. Muraleedharan criticizes the architectural flaws of the new Pathanapuram Taluk Hospital., Concerns raised regarding lack of CT/MRI facilities and high electricity costs due to centralized AC., 96 crore project is 65% complete; additional 8.50 crore needed for riverbank protection., Government promises to address staff shortages and expedite hospital completion.