പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

#മാതൃഭൂമി ന്യൂസ്
video grab image
video grab image

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അടൂർ എംവിഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ പിടികൂടുന്നത്. ആറൻമുളയിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വാഹനമായിരുന്നു ഇത്.

വാഹനത്തിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനുമാണ് 7000 രൂപ പിഴ ചുമത്തിയത്. പിന്നീട് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടർന്ന് പിഴ തുക 5250 രൂപയായി കുറച്ചു നൽകുകയും ചെയ്തിരുന്നു. പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴ തുക പിരിച്ചെടുത്ത് വാഹന ഉടമയ്ക്ക് നൽകുകയും തുടർന്ന് പിഴ അടച്ച് തീർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗതാഗത വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്

കൃത്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് വലിയ വിരോധാഭാസമാണെന്ന വാദം ഉയരുന്നുണ്ട്. പരിശോധന നടക്കുമ്പോൾ ഈ വാഹനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് തെളിയിക്കുന്ന ബോർഡുകളോ മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. എന്നാൽ, പ്രളയം പോലുള്ള ദുരന്ത സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരോട് കാട്ടേണ്ട പരിഗണന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതാണ് നടപടിക്ക് ആധാരമായ പ്രധാന ആരോപണം.

Content Highlights: MVD officer suspended for fining a vehicle involved in flood relief operations in Adoor., The vehicle was fined 7000 rupees for unauthorized lights and lack of pollution certificate., Youth Congress workers led by Abin Varkey MLA collected funds to pay the fine., The suspension highlights the debate between strict rule enforcement and humanitarian consideration during disasters.