“അച്ഛനെയും അമ്മയെയും കാണണം”; ഹോസ്റ്റലിൽനിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി ആറുവയസ്സുകാരിയും പത്തുവയസ്സുകാരനും

#ന്യൂസ് ഡെസ്ക്
എഐ നിർമ്മിത പ്രതീകാത്മക ചിത്രം
എഐ നിർമ്മിത പ്രതീകാത്മക ചിത്രം

പത്തനംതിട്ട: സ്വകാര്യ സ്കൂൾഹോസ്റ്റലിൽനിന്ന് അധികൃതർ കാണാതെ പുറത്തിറങ്ങിയ ആറുവയസ്സുകാരിയും പത്തുവയസ്സുകാരനും സ്വകാര്യ ബസ്‌സ്റ്റാൻഡിലെത്തി. സ്റ്റാൻഡിലെ ജീവനക്കാരുടെയും പോലീസിന്റെയും ഇടപെടലിൽ ഇരുവരെയും സുരക്ഷിതരായി മാതാപിതാക്കൾക്ക് അരികിലെത്തിച്ചു.

പത്തനംതിട്ട സ്റ്റാൻഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് സംഭവം. പത്തനംതിട്ടയ്ക്കു സമീപമുള്ള റെസിെഡൻഷ്യൽ സ്കൂളിൽ നാലാംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും ഒന്നാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമാണ് ഹോസ്റ്റലിൽനിന്നിറങ്ങി സ്റ്റാൻഡിലെത്തിയത്.

കുഞ്ഞുങ്ങൾ അവശരായി നിൽക്കുന്നത് കണ്ട് സ്റ്റാൻഡിലെ ടൈംകീപ്പർമാരായ നിയാസ് കൊന്നമൂടും നിഷാദും കാര്യങ്ങൾ തിരക്കി. മാവേലിക്കരയിലേക്കുള്ള ബസ് അന്വേഷിച്ചാണ് കുഞ്ഞുങ്ങൾ എത്തിയത്. കൂടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു കുഞ്ഞുങ്ങളുടെ മറുപടി. സംശയംതോന്നിയ നിയാസും നിഷാദും ഇവർക്ക് വെള്ളം വാങ്ങിനൽകി സ്റ്റാൻഡിൽ സുരക്ഷിതരാക്കി ഇരുത്തിയശേഷം പത്തനംതിട്ട വനിതാസ്റ്റേഷൻ എസ്.ഐ. കെ.ആർ.ഷെമിമോളെ അറിയിച്ചു.

പിങ്ക് പോലീസ് എത്തി കുഞ്ഞുങ്ങളെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചു. അച്ഛനെയും അമ്മയെയും കാണണമെന്നും വീട്ടിൽ പോകണമെന്നുമാണ് കുട്ടികൾ കരഞ്ഞുകൊണ്ട് പോലീസിനോട് പറഞ്ഞത്. പനിയായതുകാരണം ക്ലാസിൽ പോയില്ലെന്നും ഹോസ്റ്റലിലേക്ക് തിരിച്ചുപോകേണ്ടെന്നും പറഞ്ഞു. വലിയ കരച്ചിലായിരുന്നതിനാൽ പോലീസ് ഒരുപാട് കാര്യങ്ങൾ തിരക്കി കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കാതെ മാതാപിതാക്കൾക്ക് ഒപ്പം ഉച്ചയ്ക്ക് 1.30ഓടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

പത്തനംതിട്ട ഡിവൈ.എസ്.പി. നിഷാദ്മോൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകി. പെൺകുട്ടിയ്ക്ക് അമ്മയെ കാണണം എന്നുപറഞ്ഞതിനാൽ സഹായിക്കാമെന്ന് ഏറ്റാണ് ആൺകുട്ടി കൂടെ വന്നതെന്ന് പോലീസ് പറഞ്ഞു. അധികൃതർ കാണാതെ എങ്ങനെ ഹോസ്റ്റലിൽ നിന്നിറങ്ങിയെന്നതിലും രണ്ടരകിലോമീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡുവരെ എങ്ങനെ എത്തിയെന്നതിലും വ്യക്തതയില്ല.