മദ്യലഹരിയിൽ ഡ്രെെവർ, ‘ആടിക്കുഴഞ്ഞ്’ പോലീസ് ജീപ്പ്; പിന്തുടർന്ന് നിർത്തിച്ച ശോഭ- ദ റിയൽ തൂഫാൻ വാരിയർ

#വൈ.ഷെറിൻ
ശോഭ സന്തോഷ് ഓട്ടോറിക്ഷയിൽ |ഫോട്ടോ: അരവിന്ദ് ലെനിൻ
ശോഭ സന്തോഷ് ഓട്ടോറിക്ഷയിൽ |ഫോട്ടോ: അരവിന്ദ് ലെനിൻ

പത്തനംതിട്ട: ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൈലപ്രയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുമ്പോൾ, ലക്കും ലഗാനുമില്ലാതെ ഒരു പോലീസ് ജീപ്പ് പോകുന്നതുകണ്ട ഓട്ടോ ഡ്രൈവർ ശോഭ അവരെ പിന്തുടരാൻ തീരുമാനിച്ചു. പലയിടത്തുവെച്ചും ജീപ്പ് നിയന്ത്രണംവിട്ട് മറ്റ് വാഹനങ്ങൾനേരെ ചെന്നു. പത്തനംതിട്ട ബെവറജസ് ഷോപ്പിന് അടുത്തെത്തിയപ്പോൾ ജീപ്പ് മറിയാനും തുടങ്ങി. ശോഭയും ഓട്ടോയിലെ മറ്റ് രണ്ട് യാത്രക്കാരും ജീപ്പ് നിർത്തിക്കാൻ നോക്കി. പിന്നെയും മുന്നോട്ട് പോയ ജീപ്പ്, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്ത് റിങ് റോഡിലുള്ള ഹോട്ടലിന് മുന്നിൽ വേഗം കുറച്ചു. എതിരേ ബസ് വരുന്നുണ്ടായിരുന്നെങ്കിലും ശോഭ പോലീസ് ജീപ്പിനെ മറികടന്ന് ഓട്ടോറിക്ഷ മുന്നിൽകയറ്റി നിർത്തി. ജീപ്പിനടുത്ത് എത്തിയപ്പോഴാണ് ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്ന് മനസ്സിലായത്.

ഇതിനിടെ, ആളുകൾ കൂടി ജീപ്പിന്റെ താക്കോൽ ഊരിയെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ ബാഗ് കൊണ്ട് മുഖംമറച്ച് ഓടി. വിഷമംകൊണ്ടും ദേഷ്യംകൊണ്ടും ശോഭ അവിടെവെച്ച് പറഞ്ഞു; “നിയമപാലകർതന്നെ ഇങ്ങനെ കാണിക്കുമ്പോൾ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നെ ജീപ്പ് ഇടിച്ചുകൊല്ലേണ്ടതായിരുന്നു.”

എട്ടുവർഷമായി മൈലപ്ര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് മണ്ണാറക്കുളഞ്ഞി മോടിയിൽ വീട്ടിൽ ശോഭ സന്തോഷ് (50). മദ്യപിച്ച് വാഹനമോടിച്ച ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥനെ പിടിക്കാനും വലിയ അപകടങ്ങൾ ഉണ്ടാകാതിരിക്കാനും കാരണം ശോഭയുടെ മനോധൈര്യമാണ്. ശോഭയുടെ ഭർത്താവ് സന്തോഷ് കുമാർ വിദേശത്താണ്. അക്ഷയ്, ആദിത്യൻ എന്നിവരാണ് മക്കൾ.

മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു

മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച ഉദ്യോഗസ്ഥനെയും ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പി.യുടെ ഡാൻസാഫ് സംഘത്തിലെ സി.പി.ഒ.മാരായ പ്രിയേഷ് എം.കുറുപ്പ്, സുമൻ, രാഹുൽ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് സസ്പെൻഡ് ചെയ്തത്.

Content Highlights: Auto driver Shobha courageously intercepted a recklessly driven police jeep., The jeep was driven by intoxicated officers from the DANSAF squad., Shobha's quick thinking prevented potential road accidents in Pathanamthitta., District Police Chief R. Anand suspended the three officers involved., The incident highlights the bravery of a citizen holding law enforcement accountable.