ഡോർ അടച്ചില്ല; ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചു

ഈരാറ്റുപേട്ട: ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് തെക്കേക്കര പ്ലാത്തോട്ടത്തിൽ താജുദ്ദീൻ (താജു-54) മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അരുവിത്തുറ അമ്പാറനിരപ്പേൽ റോഡിൽ കൊണ്ടൂരിലാണ് അപകടമുണ്ടായത്. പാലാ ആലുംതറ റോഡിലോടുന്ന സ്വകാര്യബസിൽ ചിറ്റാറ്റിൻകര സ്റ്റോപ്പിൽനിന്നാണ് താജുദ്ദീൻ കയറിയത്.
നൂറുമീറ്റർ കഴിഞ്ഞപ്പോഴേക്കും, തുറന്നുകിടന്ന വാതിലിലൂടെ ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴയിലാണ് താജുദ്ദീൻ താമസിച്ചിരുന്നത്. മുൻപ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ ജോലിക്കാരനായിരുന്നു. പ്രാഥമികാന്വേഷണത്തിൽ, ബസിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സീനത്ത്. മക്കൾ: തസ്നി, തസ്ലീമ, സുൽത്താന. മരുമക്കൾ: റിയാസ്, സൈഫുദ്ധീൻ.