പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവ്: രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് 10 ദിവസത്തിനിടെ രണ്ടാമതും ശസ്ത്രക്രിയ

#മാതൃഭൂമി ന്യൂസ്
പരിയാരം മെഡിക്കല്‍ കോളേജ് | Photo - Mathrubhumi archives
പരിയാരം മെഡിക്കല്‍ കോളേജ് | Photo - Mathrubhumi archives

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിച്ച രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി. കുഞ്ഞിന്റെ പൈലോറസ് പേശിയിലെ തടിപ്പ് നീക്കം ചെയ്യുന്നതിലുണ്ടായ അശ്രദ്ധ മൂലം 10 ദിവസത്തിനിടെ കുഞ്ഞിനെ രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നുവെന്നുവാണ് പരാതി. ആദ്യ ശസ്ത്രക്രിയ അപൂർണ്ണമായി നിർത്തിയതിനെത്തുടർന്ന് കുഞ്ഞിന്റെ ആരോഗ്യം വഷളാകുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അടിയന്തരമായി രണ്ടാമത് ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കുകയുമായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 10-നാണ് പാല് കുടിക്കുമ്പോൾ തുടർച്ചയായി ശർദ്ദിക്കുന്നതിനെത്തുടർന്ന് കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷമാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തത്. പരിശോധനയിൽ ആമാശയത്തിൽ നിന്നും കുടലിലേക്ക് ഭക്ഷണം പോകുന്ന ഭാഗത്ത് തടിപ്പ് കണ്ടതിനെത്തുടർന്ന് ഭക്ഷണം അകത്തേക്ക് എത്താത്തതാണ് ശർദ്ദിക്ക് കാരണമെന്ന് കണ്ടെത്തുകയും ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചതോടെ കുഞ്ഞിന്റെ ശർദ്ദി കൂടുകയും പിന്നീട് രക്തം ശർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ കുടുംബാംഗങ്ങൾ അടിയന്തരമായി ആംബുലൻസ് വിളിച്ച് കുഞ്ഞിനെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിലാണ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ ശസ്ത്രക്രിയ പൂർണ്ണമായിരുന്നില്ലെന്നും തടിപ്പിന്റെ നേരിയ ഭാഗം മാത്രമാണ് മാറ്റിയിരുന്നതെന്നും വ്യക്തമായത്. തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് രണ്ടാമതും ശസ്ത്രക്രിയ നടത്തുകയും കുഞ്ഞിന്റെ ആരോഗ്യനില ഭേദമാവുകയും ചെയ്തു.

ചികിത്സയിൽ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് അധികൃതർക്കും ആരോഗ്യ മന്ത്രിക്കും പോലീസ് സ്റ്റേഷനിലും പരാതി നൽകി. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണത്തിനായി അടിയന്തരമായി ഒരു അന്വേഷണ ബോർഡ് രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.